
ക്യൂ.എന്‍.സി.സി. വാക്സിനേഷന്‍ സെന്ററും വകറയിലെ ഡ്രൈവ് ത്രൂ സൗകര്യവും ഇന്നും നാളെയുമായി അടക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ക്യൂ.എന്‍.സി.സി. വാക്സിനേഷന്‍ സെന്ററും വകറയിലെ ഡ്രൈവ് ത്രൂ സൗകര്യവും ഇന്നും നാളെയുമായി അടക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വിശാലമായ വാക്സിനേഷന്‍ കേന്ദ്രം തുറന്നപ്പോള്‍ തന്നെ ഇത് സംബന്ധിച്ച് മന്ത്രാലയം തീരുമാനമറിയിച്ചിരുന്നു.
ക്യൂ.എന്‍.സി.സി. വാക്സിനേഷന്‍ സെന്ററില്‍ അവസാന പ്രവര്‍ത്തി ദിവസം ഇന്നായിരിക്കും. വകറയിലെ ഡ്രൈവ് ത്രൂ സൗകര്യം ജൂണ്‍ 30 ബുധനാഴ്ച രാത്രിയോടെയാണ് പ്രവര്‍ത്തനമവസാനിപ്പിക്കുക.
മുഖ്യമായും അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനാണ് ക്യു.എന്‍.സി.സി വാക്‌സിനേഷന്‍ സെന്റര്‍ തുറന്നത്.
സെക്കന്റ് ഡോസ് വാക്സിനെടുക്കുന്നവര്‍ക്ക് സൗകര്യമൊരുക്കാനാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകള്‍ തുറന്നത്. എന്നാല്‍ വേനല്‍ ചൂട് കനത്തതോടെ പ്രവര്‍ത്തനം പ്രയാസമായതിനാലാണ് അടക്കുന്നത്. ലുസൈല്‍ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 23ന് അടച്ചിരുന്നു. 3,30,000 പേരാണ് ഡ്രൈവ് ത്രൂ സെന്ററുകള്‍ ഉപയോഗപ്പെടുത്തിയത്.
ഇപ്പോള്‍ 30 വയസും അതിന് മുകളിലുമുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ നര്‍ആകും ആപ്പ് ഉപയോഗിച്ച് വാക്സിന്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം കഴിഞ്ഞ ദിവസമാണ് നിലവില്‍ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 ഹെല്‍ത്ത് സെന്ററുകളിലായി പ്രതിദിനം
15,000 പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സൗകര്യമുണ്ട്
കൂടാതെ ബിസിനസ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ജീവനക്കാരെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതുതായി തുറന്ന ഖത്തര്‍ വാക്‌സിനേഷന്‍ സെന്ററില്‍ വാക്സിനായി ബുക്ക് ചെയ്യാം. പ്രതിദിനം 25,000 പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഖത്തര്‍ ദേശീയ വാക്സിനേഷന്‍ പദ്ധതിയില്‍ പ്രതിദിനം 40,000 പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.