കോവിഡ് മഹാമാരി ഫിഫ 2022 ലോക കപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരി ഫിഫ 2022 ലോക കപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചരിക്കുകയാണെന്നും കോവിഡിന് ശേഷം ലോകം ഒന്നിക്കുന്ന കായിക മാമാങ്കം പ്രതീക്ഷയുടേയും പ്രത്യാശയുടേയും സന്ദേശങ്ങളാണ് നല്‍കുന്നതെന്നും ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് ഒരുമിച്ച് പങ്കെടുക്കാനും മഹാമാരിയെ മറികടന്ന് ആഘോഷിക്കാനുമുള്ള ആദ്യത്തെ ആഗോള പരിപാടിയാണിത്. വാക്‌സിനുകള്‍ ലഭ്യമായതോടെ ലോകം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. വാക്‌സിനെടുത്ത ആളുകള്‍ മാത്രം പങ്കെടുക്കുന്ന ഫിഫ 2022 എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു സുരക്ഷിത ഇവന്റ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റ് സിമോണ്‍ ഫോക്‌സ്മാനുമായി നടത്തിയ അഭിമുഖത്തില്‍ അല്‍ തവാദി പറഞ്ഞു.
മാനവികതയും സാമൂഹികതയും ഉദ്‌ഘോഷിക്കുന്ന ഖത്തര്‍ 2022 ഫിഫ ലോകകപ്പ് ശതകോടിക്കണക്കിനാളുകളെ ഒരുമിപ്പിക്കുമെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തില്‍ ഖത്തറിന്റെ സാന്നിധ്യമുറപ്പിക്കുന്ന 2022 ഫിഫ ലോകകപ്പ് ഗള്‍ഫ് മേഖലയുടെ ചരിത്രം മാറ്റിയെഴുതും.
ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും ഉയര്‍ത്തുന്നതില്‍ ടൂര്‍ണമെന്റ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അല്‍ തവാദി പറഞ്ഞു.നഗര ആസൂത്രണത്തിലും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിലുമുള്ള സംരംഭങ്ങളുടെ ഉത്തേജകമായി ടൂര്‍ണമെന്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുടക്കം മുതലേ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ഖത്തറിലെ കായിക സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് ഫിഫ 2022 ലോക കപ്പ് വലിയ ഉത്തേജകമാകും.
ഫിഫ 2022 മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പ് മാത്രമല്ല, ടൂര്‍ണമെന്റിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള പതിപ്പും ഇതായിരിക്കുമെന്ന് അല്‍ തവാദി പറഞ്ഞു. അടുത്തടുത്ത സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ കാല്‍പന്ത് കളിയാരാധകര്‍ക്ക് ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ കാണാമെന്നതും ഒരേ സ്ഥലത്ത് തന്നെ താമസിക്കാമെന്നതും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 വിന്റെ സവിശേഷതയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.