ജനങ്ങളെ പ്രചോദിപ്പിക്കുവാനും ഒരുമിപ്പിക്കാനും ഫുട്‌ബോളിന് കഴിയും. ഹസന്‍ അല്‍ തവാദി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തെമ്പാടുമുള്ള മനുഷ്യരെ പ്രചോദിപ്പിക്കുവാനും ഒരുമിപ്പിക്കാനും ഫുട്‌ബോളിന് കഴിയുമെന്നും കായികലോകത്തിന്റെ ഈ കഴിവ് ലോകം പ്രയോജനപ്പെടുത്തണമെന്നും ഖത്തറിലെ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടന അംഗരാജ്യങ്ങളുടെ ഭീകരവാദത്തെ നേരിടുന്നതിനുളള ഏജന്‍സി മേധാവികളുടെ ഉന്നത തല സമ്മേളനത്തില്‍ പരിവര്‍ത്തന സാങ്കേതികവിദ്യകളുടെ യുഗത്തില്‍ തീവ്രവാദത്തെ നേരിടുകയും തടയുകയും ചെയ്യുക: പുതിയ ദശകത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
കായിക ലോകം സൃഷ്ടിക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഏത് തരം ഭീകരവാദത്തേയും നേരിടാന്‍ സഹായകമാകുമെന്നും രാജ്യങ്ങള്‍ തമ്മില്‍ സൃഷ്ടിക്കപ്പെടുന്ന ഊഷ്്മള ബന്ധങ്ങള്‍ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ കായിക പദ്ധതികളും ഫുട്‌ബോളും അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച പ്രതിദ്വനികള്‍ ആവേശോജ്വലമാണ് . കായിക ഭൂപടത്തില്‍ സാന്നിധ്യം അടയാളപ്പെടുത്തുന്നതോടൊപ്പം സമാധാനത്തിന്റേയും ശാന്തിയുടേയും വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം മുന്നേറുന്നത്.
ഗ്രൗണ്ടുകളില്‍ കാല്‍പന്തുകളിയുടെ ആരവങ്ങള്‍ മുഴങ്ങുമ്പോള്‍ മാനവിക ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും വികാരങ്ങളാണ് വളരുന്നത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തുവാന്‍ അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.