ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ജൂലൈ 12 ന് നിലവില്‍ വരാന്‍ പോകുന്ന ഖത്തറിന്റെ പുതിയ ട്രാവല്‍ നയം ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഒരു വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന സന്ദര്‍ശക വിസകളും ടൂറിസ്റ്റ് വിസകളും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ തന്നെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വാണുണ്ടായത്. കുടുംബക്കാരേയും ബന്ധുക്കളേയും സന്ദര്‍ശിക്കുന്നതിന് പുറമേ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുന്ന ഖത്തര്‍ സന്ദര്‍ശിക്കുവാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്. ടൂറിസ്റ്റ് വിസകള്‍ ഓപണാകുന്നതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കൂടാനാണ് സാധ്യത.
വ്യോമയാന മേഖലയിലും ഹോട്ടല്‍ ഇന്‍ഡസ്ട്രിയിലും വലിയ പുരോഗതിയുടെ പ്രതീക്ഷകളാണ് പുതിയ ട്രാവല്‍ നയം സൃഷ്ടിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം പുതിയ ട്രാവല്‍ നയം സംബന്ധിച്ച പ്രഖ്യാപനം വന്നതുമുതല്‍ തന്നെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ട്രാവല്‍ ഏജന്‍സികളിലും നല്ല തിരക്കുമനുഭവപ്പെട്ടു. തിരക്ക് കണക്കിലെടുത്ത് വെള്ളിയാഴ്ച അവധി ദിനമായിട്ടും മിക്ക ട്രാവല്‍ ഏജന്‍സികളും രാത്രി വളരെ വൈകിയും തുറന്ന് പ്രവര്‍ത്തിച്ചു.
നാട്ടിലെ കോവിഡ് പ്രതിസന്ധി കാരണം അവധിക്ക് പോകാത്ത പലരും കുടുംബങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ്.