പാഴ് വസ്തുക്കളില്‍ നിന്നും വിസ്മയം തീര്‍ക്കുന്ന ദിയാന ഹിജാസ്
ഡോ. അമാനുല്ല വടക്കാങ്ങര
തൊഴില്‍കൊണ്ട് പരിസ്ഥിതി കലാകാരിയും ഇന്റീരിയര്‍ ഡിസൈനറുമായ ദിയാന ഹിജാസ് പാഴ് വസ്തുക്കളില്‍ നിന്നും മനോഹര ശില്‍പങ്ങള്‍ തീര്‍ക്കുന്നതില്‍ ശ്രദ്ധേയയായ കലാകാരിയാണ്. പിതൃസഹോദരനായ പ്രശസ്ത മലയാളി കലാകാരന്‍ റിയാസ് കോമുവില്‍ നിന്നും പ്രചോദനമുള്‍കൊണ്ട ദിയാന പാഴ് വസ്തുക്കളുപയോഗിച്ച് കലാനിര്‍വഹണത്തിന്റെ പുതുമകള്‍ പരീക്ഷിച്ചാണ് സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഒന്നും പാഴാക്കാനില്ലെന്നും മനസുവെച്ചാല്‍ നാം പാഴാക്കുന്ന വസ്തുക്കളില്‍ നിന്നുപോലും മനോഹരമായ ശില്‍പങ്ങള്‍ സൃഷ്ടിക്കാമെന്നുമാണ് ദിയാന കരുതുന്നത്. ഹരിത പരിസ്ഥിതിയും സുസ്ഥിര സംരംഭങ്ങളുമെന്ന മഹത്തായ ആശയം സാക്ഷാല്‍ക്കരിക്കുവാന്‍ വിഭവങ്ങളുടെ ഉപഭോഗം കുറക്കുകയും ഉപയോഗ ശേഷം വീണ്ടും ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ഈ കലാകാരി കരുതുന്നത്. കരവിരുതും കാഴ്ചപ്പാടും ഭാവനയുടെ പരിസരത്ത് സമ്മേളിക്കുമ്പോള്‍ ദിയാനയുടെ ഓരോ സൃഷ്ടിയും ആസ്വാദനത്തിന്റെ വ്യതിരിക്തമായ അനുഭവമാണ് സമ്മാനിക്കുക.
ലോകം മനോഹരമാണ്. പലപ്പോഴും മനുഷ്യരുടെ തെറ്റായ നിലപാടുകളും നടപടികളും ആവാസ വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റമാണ് പ്രകൃതിയുടേയും പ്രപഞ്ചത്തിന്റേയും താളലയങ്ങള്‍ നശിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കാളത്തോട് സ്വദേശിയായ ദിയാന ഹിജാസ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അനശ്വര പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്. ട്രാഷ് ടു ക്രാഫ്റ്റ് എന്ന ആശയത്തോടെ കരവിരുതില്‍ വിസ്മയം തീര്‍ക്കുന്ന ദിയാനയുടെ ലോകം ഏതൊരു കലാസ്വാദകന്റേയും ശ്രദ്ധയാകര്‍ഷിക്കും. സ്‌ക്കൂള്‍ തലം തൊട്ടേ ഈ ആശയവും കാഴ്ചപ്പാടുമാണ് ദിയാനയുടെ സൃഷ്ടികളെ സവിശേഷമാക്കിയത്. സ്‌ക്കൂള്‍ ജില്ല തലങ്ങളിലൊക്കെ പല സമ്മാനങ്ങളും വാരിക്കൂട്ടിയെങ്കിലും പ്രൊഫഷണായി ആ മേഖലയിലേക്ക് തിരിഞ്ഞില്ല. ചിത്രം വരയും ശില്‍പങ്ങളുമൊക്കെ വഴങ്ങുന്ന ദിയാന ജോലിയായി തെരഞ്ഞെടുത്തത് ഇന്റീരിയര്‍ ഡിസൈനിംഗാണ്. വിവാഹ ശേഷം ദോഹയിലെത്തിയതാണ് ഈ കലാകാരിയുടെ കാഴ്ചപ്പാടിലും ചിന്തയിലും മാറ്റം വരുത്തിയത്.
ഭര്‍ത്താവിന്റെ കുടുംബം ദീര്‍ഘകാലമായി ഖത്തറിലാണുണ്ടായിരുന്നത്. ഭര്‍ത്താവ് ജനിച്ചതും വളര്‍ന്നതുമൊക്കെ ദോഹയിലായതിനാല്‍ നാട്ടിലേതിനേക്കാളും ഖത്തറിലെ വീടുമായാണ് ബന്ധമുണ്ടായിരുന്നത്. ഒഴിവ് സമയങ്ങളില്‍ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ ശില്‍പങ്ങള്‍ നിര്‍മിച്ച് വീടിനെ അലങ്കരിക്കാന്‍ ശ്രമിച്ചാണ് ദിയാന ഈ രംഗത്ത് സജീവമായത്.
വീട്ടില്‍ വരുന്ന പല അതിഥികളും ദിയാനയുടെ വര്‍ക്കുകളെ പ്രശംസിക്കാന്‍ തുടങ്ങിതോടെ ആവേശം വര്‍ദ്ധിക്കുകയും കൂടുതല്‍ സമയം ഇതിനായി ചിലവഴിക്കുകയും ചെയ്തു. കുറേ കലാശില്‍പങ്ങളായപ്പോള്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിനെകുറിച്ചാലോചിച്ചു. മാപ്‌സ് ഖത്തര്‍ എന്ന കലാകാരന്മാരുടെ കൂട്ടായ്മയില്‍ ചേര്‍ന്നതോടെ ഖത്തര്‍ ഫൗണ്ടേഷനിലും കതാറയിലും ഫയര്‍ സ്റ്റേഷനിലുമൊക്കെ നടന്ന വിവിധ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാനവസരം ലഭിച്ചു.
2019 ല്‍ കതാറയില്‍ നടന്ന പ്രദര്‍ശനത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരോടൊപ്പം പങ്കെടുത്തത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു. പരിപാടിയില്‍ അതിഥിയായെത്തെിയ അന്നത്തെ ഇന്ത്യന്‍ അംബാസിഡര്‍ ദിയാനയുടെ ചിത്രങ്ങളെ ഏറെ പ്രശംസിക്കുകയും സ്വന്തമായി മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തത് ഈ യുവ കലാകാരിയെ ഏറെ പ്രചോദിപ്പിച്ചു.
പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ ശില്‍പങ്ങളൊരുക്കുന്ന ഈ കലാകാരി മനസുവെച്ചാല്‍ എന്തും മനോഹരമാക്കാമെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗിച്ചാണ് ദിയാന മാതൃകയാകുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കുന്നതോടൊപ്പം തന്നെയാണ് പാഴ്‌വസ്തുക്കളില്‍ നിന്നും കമനീയമായ വസ്തുക്കള്‍ നിര്‍മിക്കാനും സമയം കണ്ടെത്തുന്നത് എന്നത് ജോലി കഴിഞ്ഞ് ഒന്നിനും സമയമില്ലെന്ന് പരിതപിക്കുന്ന നിരവധി പേര്‍ക്ക് ഒരോര്‍മപ്പെടുത്തലാണ്. മനസുവെച്ച് പരിശ്രമിക്കുകയും ജീവിതത്തിലെ അഭിനിവേശം പിന്തുടരുകയും ചെയ്യുമ്പോള്‍ എല്ലാം സാധ്യമാണെന്നാണ് ദിയാന പ്രായോഗികമായി കാണിച്ചുതരികയാണ്.
അറ നിറഞ്ഞ കലാകാരിയായ ദിയാനക്ക് എല്ലാറ്റിലും സൗന്ദര്യമാണ് കാണാനാവുന്നത്. അതുകൊണ്ട് തന്നെ പിസ്ത തോടുകളും വെള്ളുള്ളിതൊലിയും ആപ്പിള്‍ കുരുവും കടലാസ് കഷ്ണങ്ങളുമൊക്കെ ദിയാനയുടെ കരവിരുതില്‍ ജീവന്‍ തുടിക്കുന്ന രൂപങ്ങളായി മാറാന്‍ അധികം നേരം വേണ്ടി വരില്ല. പാഴ് വസ്തുക്കളില്‍ നിന്നും നിര്‍മിക്കുന്ന കരകൗശല വസ്തുക്കളുടെ കൗതുകം മാത്രമല്ല ഏതൊരു കാര്യവും നാം നോക്കികാണുന്നതുപോലെയും പ്രയോജനപ്പെടുത്തുന്നതുപോലെയയുമാകുമെന്ന സുപ്രധാന കാര്യമാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്. വ്യത്യസ്ത പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് ദിയാന നിര്‍മ്മിച്ച വൈവിധ്യവും മനോഹരവുമായ നിര്‍മ്മിതികള്‍ ഏറെ ആകര്‍ഷകമാണ്.
പിസ്ത തോടുകൊണ്ടുണ്ടാക്കിയ സമാധാനത്തിന്റെ വെള്ളരി പ്രാവ്, മയില്‍, വെള്ളുള്ളി തൊലിയും ഓയില്‍ പെയിന്റും ചേര്‍ത്ത് നിര്‍മിച്ച അരയന്നങ്ങള്‍, പ്‌ളാസ്റ്റിക് വേസ്റ്റില്‍ തീര്‍ത്ത പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ചിത്രം, കപ്പലണ്ടി തോടുപയോഗിച്ചുണണ്ടാക്കിയ തേനീച്ചകൂട്ടം, പേപ്പര്‍കഷ്ണങ്ങളും ഓയില്‍ പെയിന്റും ചേര്‍ത്ത് രൂപകല്‍പന ചെയ്ത ഹിജാബ്, മുത്തുച്ചിപ്പി ഷെല്ലുകള്‍കൊണ്ട് അലങ്കരിച്ച മനോഹരമായ പൂമ്പാറ്റകള്‍, ചോക്‌ളേറ്റ് കവറുകള്‍കൊണ്ട് തീര്‍ത്ത ഓട്ടോറിക്ഷ, ഈത്തപ്പഴ കുരുവും ഓയില്‍ പെയിന്റും ചേര്‍ത്തുണ്ടാക്കിയ ഈത്തപ്പഴക്കൊട്ട, ആപ്പിള്‍ കുരു, മഞ്ചാടി കുരു മുതലായവ കൊണ്ടുണ്ടാക്കിയ സീഡ് ആര്‍ടുകള്‍ തുടങ്ങിയവ ദിയാനയുടെ മികച്ച സൃഷ്ടികളാണ്. കോവിഡ് ഭീഷണി മാറിയ ശേഷം തെരഞ്ഞെടുത്ത ശില്‍പങ്ങളുടെ സ്വന്തമായൊരു പ്രദര്‍ശനം സംഘടിപ്പിക്കാനാഗ്രഹമുണ്ടെന്ന് ദിയാന പറഞ്ഞു.
ദിവസവും വലിച്ചെറിയുന്ന പാഴ്വസ്തുകൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളുണ്ടാക്കി വീടിനെ അഴകുറ്റതാക്കാന്‍ പരിശ്രമിക്കുന്ന ദിയാനയുടെ ഓരോ സൃഷ്ടിയും പ്രൊഫഷണലിസത്തിലും ക്രാഫ്റ്റിന്റെ മികവിലും വേറിട്ട് നില്‍ക്കുന്നു.
ആരിഫ് ഹൈറുന്നീസ ദമ്പതികളുടെ മകളായ ദിയാനക്ക് കല പാരമ്പര്യമായി ലഭിച്ച വരദാനമാണ്. പിതൃ സഹോദരന്‍ ആസിഫലി ആലുവയില്‍ ആര്‍ട് ഗാലറി നടത്തുകയാണ്. മറ്റൈാരു പിതൃസഹോദരനായ റിയാസ് കോമു മുബൈയിലെ അറിയപ്പെടുന്ന മലയാളി കലാകാരനാണ്.
ഭര്‍ത്താവ് ഹിജാസിന്റെ പിന്തുണയും പ്രോല്‍സാഹനവുമാണ് പാഴ് വസ്തുക്കളെ സുന്ദര ശില്‍പങ്ങളാക്കി മാറ്റാനുള്ള പ്രചോദനമെന്നാണ് ദിയാന പറയുന്നത്. അര്‍ശ്, അസ്സ എന്നിവരാണ് മക്കള്‍.