വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം
ദോഹ : മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങള്‍ക്ക് യുണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം.
മോസ്റ്റ് യുണീക് മലയാളം മോട്ടിവേഷണല്‍ പോഡ്കാസ്റ്റ് എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 150 എപ്പിസോഡുകള്‍ പിന്നിട്ട വിജയമന്ത്രം പൂസ്തക രൂപത്തില്‍ 4 ഭാഗങ്ങളായി ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഖത്തറിലെ ആദ്യ മലയാളം റേഡിയോ 98.6 എഫ്.എമ്മിലൂടെയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കര്‍മോല്‍സുകരാക്കുകയും ചെയ്യു വിജയമന്ത്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്‌സപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.
ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദവും സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെ കൂടുതല്‍ ജനകീയമാക്കിയത്.
പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് നൂറ്റമ്പത് എപ്പിസോഡും പിന്നിട്ട് മുന്നോട്ടുപോകുവാന്‍ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
വിജയമന്ത്രങ്ങള്‍ മലയാളത്തിന്റെ അഞ്ചാം ഭാഗവും ഇംഗ്ലീഷിലെ ആദ്യ പതിപ്പും ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തയാഴ്ച കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, വിനോദ സഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും.