
സ്‌ക്കൂള്‍ തുറക്കുന്നതിന് മുമ്പ് കുട്ടികളെ വാക്‌സിനെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം
ഡോ.അമാനുല്ല വടക്കാങ്ങര :-
ദോഹ : സ്‌ക്കൂള്‍ തുറക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളെ വാക്‌സിനെടുപ്പിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.യുസുഫ് അല്‍ മസ്‌ലമാനി ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാനമായ നടപടിയാണെന്നും വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും വാക്‌സിനേഷന് വിധേയമാക്കുന്നതിലൂടെ സ്‌ക്കൂളുകള്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നും അദ്ധേഹം പറഞ്ഞു. ഖത്തര്‍ റേഡിയോയിലെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഏകദേശം 70 ശതമാനവും ഒരുഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. 60 ശതമാനം പൂര്‍ണമായും വാക്‌സിനെടുത്തവരാണ്. ബാക്കിയുള്ളവരും കൂടി വാക്‌സിനെടുക്കുന്നതിലൂടെ സ്‌ക്കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനും 100 ശതമാനം ഹാജരോടെ ക്ലാസുകള്‍ ആരംഭിക്കാനും സാധിക്കുമെന്ന് അദ്ധേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നിലവില്‍ 50 ശതമാനം ശേഷിയില്‍ ബ്ലന്‍ഡഡ് ലേണിംഗാണ് തുടരുക. വാക്‌സിനേഷന്‍ പുരോഗതിക്കനുസരിച്ച് ഈ നിലപാടില്‍ മാറ്റം വരുത്തുമെന്ന് അദ്ധേഹം പറഞ്ഞു.
വാക്‌സിനുകളുടെ ലഭ്യതയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെതില്ലെന്നും ആവശ്യത്തിന് വാക്‌സിന്‍ ഖത്തറില്‍ സ്റ്റോക്കുണ്ടെന്നും അദ്ധേഹം പറഞ്ഞു.