
ഖത്തറില്‍ അഞ്ചിലേറെ ഫുര്‍ജാന്‍ പാര്‍ക്കുകള്‍ നിര്‍മിക്കാനൊരുങ്ങി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.
അല്‍ ഫുര്‍ജന്‍ പാര്‍ക്കുകള്‍ എന്ന് പേരിട്ടിരിക്കുന്ന അയല്‍പക്ക പാര്‍ക്കുകളുടെ രൂപകല്‍പ്പനയും നടപ്പാക്കലും നഗരങ്ങളെ മാനവികവല്‍ക്കരിക്കാനും കാര്‍ കേന്ദ്രീകൃത സംസ്‌കാരത്തില്‍ നിന്നും കാല്‍നട സൈക്ലിസ്റ്റ് സൗഹൃദവുമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ വരുന്നതാണെന്ന് കമ്മിറ്റി സെക്രട്ടറി അംന അല്‍ ബദര്‍ വ്യക്തമാക്കി. ശുദ്ധവായു ശ്വസിച്ച് ഉലാത്താനും ശാരീരികവും മാനസികവുമായ ഉല്ലാസം നല്‍കാനും ഇത്തരം പാര്‍ക്കുകള്‍ സഹായകമാകും.
വീടകങ്ങളുടെ അടഞ്ഞ അന്തരീക്ഷത്തില്‍ നിന്നും പുറത്തിറങ്ങി ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനും താമസത്തിന് അടുത്തുള്ള ആസ്വാദ്യകരമായ സ്ഥലങ്ങളില്‍ നിന്ന് സ്പോര്‍ട്സ് പരിശീലിക്കുന്നതിനും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിനോദ ഇടങ്ങളും പ്ലാസകളും സൃഷ്ടിക്കുന്നതും സമിതിയുടെ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച്, രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്ന സെന്‍ട്രല്‍ പാര്‍ക്കുകള്‍ പോലുള്ള വലിയ ഹരിത ഇടങ്ങളുടെ രൂപകല്‍പ്പനയിലും നടപ്പാക്കലിലും ശ്രദ്ധിക്കുന്നതോടൊപ്പം രാജ്യ നിവാസികളെ പ്രത്യേകം പരിഗണിച്ചാണ് ഫുര്‍ജാന്‍ പാര്‍ക്കുകള്‍ അണിയിച്ചൊരുക്കുന്നത്.