അക്ബറലി വാഴക്കാടിന് മികച്ച അധ്യാപക അവാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള അവാര്‍ഡ് എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂളിലെ കായിക വകുപ്പ് മേധാവി അക്ബറലി വാഴക്കാട് സ്വന്തമാക്കി. വാഴക്കാട് വാലില്ലാപുഴ സ്വദേശിയായ അക്ബറലി കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂള് അധ്യാപകനാണ്.
കോയമ്പത്തൂരിലെ ഭാരതീയാര്‍ യൂണിവേര്സിറ്റിയില് നിന്നും കായിക വിദ്യാഭ്യാസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ അക്ബറലി മികച്ച ഫുട്ബോള്‍ കളിക്കാരനാണ്. നാട്ടില്‍ യൂണിവേര്സിറ്റി തലത്തിലും ജില്ല തലത്തിലും കളിച്ച അദ്ദേഹം സെവന്‍സ് ടൂര്‍ണമെന്റുകളില്‍ വിവിധ ക്ളബ്ബുകള്ക്ക് വേണ്ടി ജഴ്സിയണിഞ്ഞിട്ടുണ്ട്.
അത്ലറ്റിക്സിലും ഫുട്ബോളിലും സ്പെഷ്യലൈസ് ചെയ്ത അദ്ദേഹം മികച്ച പരിശീലകനാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്ക്കൂള് വിദ്യാര്‍ഥികള്‍ സി.ബി.എസ്.ഇ നാഷണല്‍ മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
സീനത്താണ് ഭാര്യ. ഹുദ, ഹനീന്, ഹിഫ എന്നിവര്‍ മക്കളാണ്.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അവാര്‍ഡ് സമ്മാനിച്ചു.