ഖത്തറില്‍ വന്‍ മയക്കുമരുന്നുവേട്ട, 76 കിലോ ഹാഷിഷ് മറൈന്‍ കസ്റ്റംസ് പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : ഖത്തറില്‍ വന്‍ മയക്കുമരുന്നുവേട്ട. ഡീസല്‍ ടാങ്കില്‍ ഒളിപ്പിച്ച് റുവൈസ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 76 കിലോ ഹാഷിഷ് മറൈന്‍ കസ്റ്റംസ് പിടികൂടിയതായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ട്വീറ്റ് ചെയ്തു. ഖത്തറില്‍ ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി എയര്‍പോര്‍ട്ട് വഴിയും തുറമുഖങ്ങളിലൂടേയും മടക്കുമരുന്നുകള്‍ കടത്താനുള്ള നിരവധി ശ്രമങ്ങളാണ് കസ്റ്റംസ് തകര്‍ത്തത്.
മയക്കുമരുന്നുകളോട് വളരെ കണിശമായ നിയമനിലപാടുകളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ലോകോത്തരങ്ങളായ സാങ്കേതിക സംവിധാനങ്ങളും സമര്‍ഥരായ ഉദ്യോഗസ്ഥരും അത്യാധുനിക രീതിയിലുള്ള വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളുമൊക്കെ മയക്കുമരുന്ന് കടത്തുന്നത് തടയുവാന്‍ സദാജാഗ്രതയോടെ നിലകൊള്ളുന്നുണ്ട്.
മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാല്‍ ആ ജീവനാന്തം ജയിലില്‍ കഴിയേണ്ടി വരുമെന്നും ഒരിക്കലും ഇത്തരം ഏര്‍പാടുകളില്‍ ഇടപെടരുതെന്നും അധികൃതര്‍ നിരന്തരമായി ഉദ്ബോധിപ്പിക്കാറുണ്ട്. എന്നിട്ടും മയക്കുമരുന്ന് കേസുകള്‍ കൂടുകയാണ്.
ഖത്തറില്‍ ജയിലിലുള്ള ഇന്ത്യക്കാരില്‍ പകുതിയിലധികം പേരും മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.