മമ്മൂട്ടിയുടെ ജന്മദിനാഘോഷം പരിസ്ഥിതി സൗഹൃദമാക്കി ഖത്തര്‍ മലയാളികള്‍
ദോഹ: എഴുപതിന്റെ നിറവിലെത്തിയ മലയാളത്തിന്റെ അനശ്വര നടന്‍ മമ്മൂട്ടിയുടെ ജന്മദിനം പരിസ്ഥിതി സൗഹൃദാഘോഷമാക്കി ഖത്തറിലെ മലയാളികള്‍. നമ്മുടെ അടുക്കളത്തോട്ടം ദോഹ, റേഡിയോ മലയാളം 98.6 എഫ്.എം, ഖത്തര്‍ മമ്മൂക്ക ഫാന്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, അഗ്രികോം ഖത്തര്‍ എന്നിവര്‍ ചേര്‍ന്ന് 70 തൈകള്‍ നട്ടാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ഡിപിഎസ് മൊണാര്‍ക്ക്, ബ്രിട്ടീഷ് സ്‌കൂള്‍, എം.ഇ.എസ് തുടങ്ങിയ ഖത്തറിലെ ഏഴോളം സ്‌കൂളുകളിലായി മമ്മൂക്കയുടെ എഴുപതു സിനിമകളുടെ പേരില്‍ എഴുപതു തൈകളാണ് നടുന്നത്.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന പ്രത്യേകതയും ഈ പിറന്നാളിന്റെ മധുരം വര്‍ധിപ്പിക്കുന്നുണ്ട്. അരപതിറ്റാണ്ട് കാലം കൊണ്ട് മലയാളസിനിമക്ക് മമ്മുട്ടി നല്‍കിയ സംഭാവനകളെ ആദരിച്ചുകൊണ്ടാണ് ഖത്തറിലെ മലയാളികള്‍ വ്യത്യസ്തമായ ആഘോഷപരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണവും ബോധവല്‍കരണവും ലക്ഷ്യമിട്ടാണ് പിറന്നാള്‍ ആഘോഷത്തിനായി മരം നടല്‍ പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ ആര്‍.ജെ സൂരജ്, ആര്‍.ജെ രതീഷ്, ആര്‍.ജെ ജിബിന്‍ നമ്മുടെ അടുക്കളത്തോട്ടം പ്രസിഡണ്ട് ബെന്നി തോമസ്, ജനറല്‍ സെക്രട്ടറി ജിജി അരവിന്ദ്, ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് പ്രസിഡണ്ട് റിഷാദ്, സെക്രട്ടറി രാഹുല്‍, ജോയിന്റ് സെക്രട്ടറി റിയാസ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് അംഗങ്ങളും പങ്കെടുത്തു.