പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ 5 ലക്ഷത്തിലേറെ ചെടികള്‍ നട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ 5 ലക്ഷത്തിലേറെ ചെടികള്‍ നട്ടതായി പബ്ളിക് വര്‍ക്സ് അതോരിറ്റി.
ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വ്യത്യസ്ത പരിപാടികളില്‍ നിരവധി പേരാണ് പങ്കെടുത്തത്. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നഗരസൗന്ദര്യ വല്‍ക്കരണ വിഭാഗവും ഗാര്‍ഡന്‍സ്് വകുപ്പുമൊക്കെ വളരെ സജീവമായാണ് കാമ്പയിനില്‍ അണി നിരന്നത്.
ഖത്തറിലെ വിവിധ എംബസികള്‍, സന്നദ്ധ സംഘടനകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയൊക്കെ ഇതിനകം തന്നെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് സൊസൈറ്റിയുമാണ് ഇതുവരെ കാമ്പയിനിന്റെ ഭാഗമായ ഇന്ത്യന്‍ സാന്നിധ്യം.
2019 സെപ്റ്റംബറില്‍ ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഉദ്ഘാടനം ചെയ്ത കാമ്പയിന് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണണ്ടിരിക്കുന്നത്. 2022 ഫിഫ ലോക കപ്പിന് മുമ്പായി ഒരു മില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ സംവിധാനിച്ചിരിക്കുന്നത്.
ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന്‍ മന്ത്രാലയം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.