ഗവണ്‍മെന്റ് മേഖലയില്‍ പാര്‍ട്ട് ടൈം ജോലികള്‍ അനുവദിക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഗവണ്‍മെന്റ് മേഖലയില്‍ പാര്‍ട്ട് ടൈം ജോലികള്‍ അനുവദിക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം. പ്രാഥമികമായും സ്ത്രീകളുടെ ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നത് ലക്ഷ്യം വെച്ചാണ് ഈ നടപടിയെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗമാളുകള്‍ക്കും ഇത് പ്രയോജനപ്പെടും.
ഈ വ്യവസ്ഥയനുസരിച്ച് പ്രതിവാര ജോലി സമയം നേര്‍പകുതിയായി കുറയും. തൊഴിലാളിയുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് പാര്‍ട്ട് ടൈം ജോലികള്‍ അനുവദിക്കുക. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി അധ്യക്ഷത വഹിച്ച പ്രതിവാര കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
ഭദ്രമായ കുടുംബജീവിതവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുള്ള ഖത്തറിന്റെ നടപടികളുടെ ഭാഗമാണിത്. ഖത്തരീ വനിതകള്‍ക്ക് കുട്ടികള്‍ക്കും, കുടുംബത്തിനും ആവശ്യമായ പരിചരണം നല്‍കാനും സ്വന്തമായ കരിയര്‍ നിലനിര്‍ത്താനും ഈ തീരുമാനം സഹായിക്കും.