കേന്ദ്രത്തിന്റെ പുതുക്കിയ യാത്രാ നയം ഗള്‍ഫ് പ്രവാസികളെ നിരാശപ്പെടുത്തുന്നത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതുക്കിയ യാത്രാ നയം പൊതുവേ ഗള്‍ഫ് പ്രവാസികളെ നിരാശപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു. മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് സഥിതിഗതികള്‍ മെച്ചപ്പെടുകയും വാക്‌സിനേഷന്‍ ബഹുദൂരം മുന്നോട്ടുപോവുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പി.സി. ആര്‍. പരിശോധന വാക്‌സിനെടുത്തവര്‍ക്കെങ്കിലും ഒഴിവാക്കികിട്ടുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിച്ചിരുന്നത്. കോവിഡ് കാരണം സാമ്പത്തികമായി തകര്‍ന്ന പ്രവാസികള്‍ക്ക് അധിക ബാധ്യതവരുത്തുന്ന പി.സി. ആര്‍. പരിശോധന തുടരാനാണ് കേന്ദ്രം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ കേന്ദ്രത്തിന്റെ പുതുക്കിയ യാത്രാ നയത്തെ ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിലയിരുത്തുന്നതിങ്ങനെയാണ് .
ഇന്നലെ 20.10.2021 ന് പുറത്തിറക്കിയ പുതിയ ഗൈഡ്‌ലൈന്‍സ് പ്രകാരം പ്രധാനമായും
1. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എഴുപത്തിരണ്ട് മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റ് എടുത്തിരിക്കണമെന്ന നിബന്ധന നിലനിര്‍ത്തി. 17.2.2021 ന് ഇറക്കിയ മുന്‍ സര്‍ക്കുലറിലാണ് ഈ നിബന്ധന ആരംഭിച്ചത്. അന്ന് ഇന്ത്യയില്‍ കോവിഡ് ശക്തി പ്രാപിച്ചിട്ടില്ലായിരുന്നില്ല എന്ന് മാത്രമല്ല, പിന്നീട് ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ച ഡെല്‍റ്റ വേരിയന്റ് ഉണ്ടാവുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ കോവിസ് നിയന്ത്രണത്തില്‍ ഏറെ മുന്നേറുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു. എന്നിട്ടും ഈ രാജ്യങ്ങളില്‍ നിന്നടക്കം രണ്ട് ഡോസും ( ചിലര്‍ക്ക് ബൂസ്റ്റര്‍ ഡോസും ലഭിച്ചു ) എന്നിട്ടും പി. സി. ആര്‍ ടെസ്റ്റ് വേണമെന്ന് പറയുന്നു. മാത്രവുമല്ല, അഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്കും നേരത്തെ പി.സി.ആര്‍ ടെസ്റ്റ് വേണമെന്ന നിബന്ധന ഒരു മാസം മുമ്പ് നീക്കം ചെയ്തതാണ്. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തുന്നതിനേക്കാള്‍ സമയം യാത്ര ചെയ്യേണ്ട അഭ്യന്തര സര്‍വീസുകള്‍ ഉണ്ടെന്നതും പരിഗണിക്കണം.
2. ഈ ഗൈഡ്‌ലൈന്‍സ് കൂടുതല്‍ പരിഗണന നല്‍കുന്നത് ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാരുടെ ക്വാറന്റയില്‍ രഹിത പ്രവേശനത്തിന്റെ അടിസ്ഥാനത്തിനാണ്. ഇന്ത്യക്കാര്‍ക്ക്
ക്വാറന്റയില്‍ രഹിത സൗകര്യം നല്‍കിയാല്‍ ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട യാത്രക്കാര്‍ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കുന്നു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റയില്‍
വേണമെന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ നിബന്ധനകള്‍ വെക്കുമ്പോള്‍ അത് വളരെ ഏറിയ പങ്കും ദോഷകകരമായി ബാധിക്കുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് തന്നെയായിരിക്കും. മറിച്ച്, ഈ നയം ഓരോ രാജ്യത്തെയും കോവിഡ് രോഗ വ്യാപന സ്ഥതിയുടെ അടിസ്ഥാനത്തില്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്.
3. മേല്‍ വിവരിച്ച പ്രകാരം, ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റയില്‍ രഹിത പ്രവേശനം അനുവദിക്കുന്ന ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നാട്ടില്‍ എത്തിയാല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് എടുക്കേണ്ട പി.സി.ആര്‍ ടെസ്റ്റ് ഇനി വേണ്ടെന്നത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നെടുക്കുന്ന കോവിഡ് ടെസ്റ്റുകളുടെ മുഴുവന്‍ ചെലവും യാത്രക്കാര്‍ വഹിക്കണം. കേരളത്തില്‍ ഓരോ യാത്രക്കാരനും വേണ്ടി കേരള സര്‍ക്കാര്‍ 480/- രൂപ ഈ ഇനത്തില്‍ ചിലവിച്ച് യാത്രക്കാരന് തികച്ചും സൗജന്യമായാണ് നല്‍ക്കുന്നത്. ഈ ഇനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കുന്നത്.
4. ഖത്തറിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ വേണമെന്ന് നിബന്ധനയുള്ളതിനാല്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരത്തെ പോലെ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ കോവിഡ് ടെസ്റ്റ് വേണ്ടി വരും. മാത്രവുമല്ല,
5. ഖത്തര്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് പോവുന്നവര്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം, ഏഴ് ദിവസത്തെ ഹോം ക്വാറന്റയിനും എട്ടാം ദിവസം റീ ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആണെങ്കില്‍
വീണ്ടും ഏഴ് ദിവസം self monitoring വേണമെന്ന് പറയുന്നു. ഇത് ഓരോ സംസ്ഥാനത്തിന്റെ ആരോഗ്യ പ്രോട്ടോക്കാള്‍ അനുസരിച്ച് മാറ്റം വന്നേക്കാം.
6. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത പുറപ്പെടുന്ന രാജ്യത്തെയും ഇന്ത്യയിലെയും കോവിഡ് പരിശോധനകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് ഭാഗികമായി അംഗീകരിച്ചുവെന്നതില്‍ സര്‍ക്കാറിനെ അഭിനന്ദിക്കുന്നതോടൊപ്പം ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ ഒന്നിച്ച് നടത്തേണ്ടതുണ്ട്.
പ്രത്യേകിച്ചും ഇന്ത്യ കോവിഡ് വാക്‌സില്‍ നല്‍കുന്നതില്‍ നൂറ് കോടി തികച്ച ഈ സാഹചര്യത്തില്‍.