കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനസ്ഥാപിക്കണം ; ഗപാഖ്
അഫ്‌സല്‍ കിളയില്‍: –
ദോഹ : കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാര്‍ ഉള്ള മലബാര്‍ ഏരിയയിലെ കാലിക്കറ്റ് എയര്‍പോര്‍ട്ടിനെ മറികടന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് മാറ്റിയ കേന്ദ്ര നടപടി ഹജ്ജ് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നതാണ്. ഇതിന് പുറമെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും വിഘാതം സൃഷ്ടിക്കുന്നതാണെന്നും വിലയിരുത്തുന്നു. വിമാനത്താവളത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വ്വീസ് അപകട റിപ്പോര്‍ട്ട് നിലവില്‍ വന്നിട്ടും ആരംഭിക്കാതിരിക്കുന്നതും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അപകട റിപ്പോര്‍ട്ടില്‍ ഒരിടത്തും ടേബിള്‍ ടോപ്പ് റണ്‍വെയാണ് അപകടകാരണമെന്നും പറഞ്ഞിട്ടില്ലെന്നതും പ്രസ്താവ്യമാണ്.
ഹജ്ജ് യാത്രക്കാര്‍ക്കുവേണ്ടിയുള്ള എല്ലാ സൗകര്യത്തോടെയുമുള്ള ഹജജ് ഹൗസും നിലവില്‍ ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം കുറയ്ക്കുന്ന വേളയിലും മഹാരാഷ്ടയിലെ നാസിക്ക് ഏരിയയില്‍ നിന്ന് ഹജജ് നിര്‍വ്വഹിക്കാന്‍ പോവുന്നവര്‍ക്കായി പുതുതായി ഒസാര്‍ എയര്‍പോര്‍ട്ട് ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതും ശ്രദ്ധയില്‍ പെടുത്തട്ടെ. പന്ത്രണ്ടായിരം മുതല്‍ പതിനഞ്ചായിരം യാത്രക്കാരാണ് ഈ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിന്റെ എത്രയോ ഇരട്ടി വരുന്ന മലബാര്‍ ഏരിയയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ഉള്ള സംവിധാനവും ഇല്ലാതാവുന്ന അവസ്ഥയാണ്.
ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഹജജ് കാര്യമന്ത്രി വി. അബ്ദുറഹിമാന്‍, പാര്‍ലെമെന്റ് അംഗങ്ങള്‍ തുടങ്ങിയവരോട് അഭ്യര്‍ത്ഥിച്ച് കത്തയച്ചു.
പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂര്‍, അന്‍വര്‍ സാദത്ത്,
ശാനവാസ്, മശ്ഹൂദ് തിരുത്തിയാട്, അമീന്‍ കൊടിയത്തൂര്‍, കോയ കൊണ്ടോട്ടി, ശാഫി മൂഴിക്കല്‍,ഗഫൂര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.