Uncategorized

കഥകള്‍ മലയാളി ജീവിതത്തിന്റെ അവിഭാജ്യ ഘടകം ; പി.എന്‍ ബാബുരാജന്‍

അഫ്സല്‍ കിളയില്‍

ദോഹ : കഥകള്‍ മലയാളി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കഥകള്‍ വായിക്കുന്നുതും കേള്‍ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ നിസ്തുലമായ സര്‍ഗപ്രവര്‍ത്തനമാണെന്നും ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍ അഭിപ്രായപ്പെട്ടു. ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന്റെ ഖത്തറിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥകള്‍ വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും സ്വാധീനിക്കുന്നതാണ്. നല്ല കഥകള്‍ കേള്‍ക്കുന്നത് കേവലം ആശ്വാസവും ആസ്വാദനവും മാത്രമല്ല സാംസ്‌കാരിക പ്രബുദ്ധതയും സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സാങ്കേതിക വിദ്യയുടെ അനന്തസാധ്യകള്‍ പ്രയോജനപ്പെടുത്തി എഴുത്തും വായനയും പ്രോല്‍സാഹിപ്പിക്കുന്ന ഏത് ശ്രമവും ശ്ളാഘനീയമാണെന്നും കേള്‍വിയുടെ നൂതനമായ ആവിഷ്‌കാരം കഥകളെ കൂടുതല്‍ ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ലോകത്തെമ്പാടുമുള്ള മലയാളി സഹൃദയര്‍ നെഞ്ചേറ്റിയ കഥാശ്വാസം പരമ്പരയില്‍ അവതരിപ്പിച്ച 68 കഥകളും അവയുടെ വിമര്‍ശനാന്മകമായ ആസ്വാദനവും ഉള്‍ക്കൊള്ളിച്ച കഥാശ്വാസം ക്യൂ. ആര്‍ കോഡിലൂടെ കേള്‍ക്കാനും സംവിധാനമുണ്ടെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

അക്കോണ്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ഉണ്ണികൃഷ്ണന്‍ ചടയമംഗലം, കെയര്‍ ആന്റ് ക്യൂവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. അബ്ദുറഹിമാന്‍, ഡോം ഖത്തര്‍ പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, കേരള ലോക സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ.സി.സി. യൂത്ത് വിംഗ് അംഗം അബ്ദുല്ല പൊയില്‍, ക്യൂടെക് മാനേജിംഗ് ഡയറക്ടര്‍ റഷീദ് അറക്കല്‍, കലാകാരന്മാരായ ഇഖ്ബാല്‍ ചേറ്റുവ, ബാവ വടകര, റഫീഖ് ചെറുകാരി, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

കോവിഡ് കാലത്തെ സാര്‍ഥകമാക്കിയ ബന്നയുടെ പോഡ് കാസ്റ്റുകളെ അധികരിച്ച് സ്വന്തമായി രചിച്ച കവിത ചൊല്ലി ഫൈസല്‍ അബൂബക്കര്‍ സദസ്സിനെ കയ്യിലെടുത്തു. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത ഖത്തറിലെ കലാകാരന്‍ ബാസിത് ഖാനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

 

സുബൈര്‍ വലിയപറമ്പില്‍ സ്വാഗതവും അഷ്റഫ് അച്ചോത്ത് നന്ദിയും പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ദോഹയില്‍ പുസ്തകമാവശ്യമുള്ളവര്‍ 66507698 എന്ന നമ്പറില്‍ സുബൈര്‍ വലിയപറമ്പുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!