പ്രവാസി ക്ഷേമ പദ്ധതികളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത് കരുതിയിരിക്കുക. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസി ക്ഷേമ പദ്ധതികളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത് കരുതിയിരിക്കണമെന്ന് പ്രവാസിസാമൂഹ്യ പ്രവര്‍ത്തകനും കേരള ലോക സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാക്കാമെന്നും നോര്‍ക്കാ കാര്‍ഡും ആനുകൂല്യങ്ങളും വാങ്ങിത്തരാമെന്നും പറഞ്ഞ് രംഗത്തിറങ്ങി നടത്തുന്ന തട്ടിപ്പ് വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനം ജാഗ്രത പാലിക്കണമെന്ന ആഹ്വാനവുമായി അദ്ദഹം രംഗത്തെത്തിയത്.
കേരളാ സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളില്‍ ചേരാനും അംശാദായം അടക്കാനും എളുപ്പവും സുതാര്യവുമായ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുകയും ഇതിനായി കൃത്യമായ ഇടവേളകളില്‍ വെബ് സൈറ്റ് അപ്‌ഡേഷനും നടത്തുണ്ട്. ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ പദ്ധതികളില്‍ ആയാസരഹിതമായി അംഗങ്ങളാവുന്നത്.
പെന്‍ഷന്‍, മരണാനന്തര സഹായം, വിവാഹ ധനസഹായം, തണല്‍ പദ്ധതി, വായ്പാ പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഒരു ഏജന്‍സിയുടെയും സഹായം കൂടാതെ അപേക്ഷിക്കുകയും ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യാം.
എന്നാല്‍ ചിലരെങ്കിലും സന്ദര്‍ഭം ദുരുപയോഗം ചെയ്ത് പ്രവാസികളെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത നിര്‍ദേശവുമായി കഴിഞ്ഞ ദിവസം നോര്‍ക്ക ക്ഷേമ നിധി വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.
ക്ഷേമ നിധിയില്‍ അംഗത്വത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് കേവലം 200 രൂപ മാത്രമാണെന്നും ഓണ്‍ലൈന്‍ വഴി ഓരോരുത്തര്‍ക്കും നേരിട്ട് തന്നെ അംഗത്വം നേടാമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലിമിറ്റഡ് ( കേരള സംസ്ഥാന പ്രവാസി ക്ഷേമ സഹകരണ സംഘം ക്‌ളിപ്തം നമ്പര്‍ 4455, മലപ്പുറം ) എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് അര്‍ഹരായവര്‍ക്ക് അംഗത്വം നല്‍കുവാന്‍ അധികാരപ്പെടുത്തിയ സ്ഥാപനങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ക്ഷേമനിധിയുടെയും നോര്‍ക്കയുടെയും വെബ്‌സൈറ്റ് ( https://pravasikerala.org ; https://norkaroots.org) സന്ദര്‍ശിക്കാം.