Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ വെളളിയാഴ്ച

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ലോകത്തെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് അഭിവാദ്യമര്‍പ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ വെളളിയാഴ്ച
വെകുന്നേരം 5 മണി മുതല്‍ 10 മണി വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് എന്നിവയുമായി സഹകരിച്ചാണ് കമ്മ്യൂണിറ്റി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത് .

2022 ഫിഫ ലോക കപ്പ് ഖത്തര്‍ എഡിഷനുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ഈ മാസം 21 ന് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഖത്തരീ അതിഥികള്‍, വിവിധ രാഷ്ട്രങ്ങളുടെ അംബാസിഡര്‍മാര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ഖത്തറില്‍ ജീവിക്കുന്ന മറ്റു രാജ്യക്കാര്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാകുന്ന ചടങ്ങ് വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത ഇന്ത്യന്‍ കായിക പരിപാടികളെ അനാവരണം ചെയ്യുന്ന സംഗീത നൃത്ത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും. കൂടാതെ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട്, ഫേസ് പെയിന്റിംഗ്, ഫു
ട്‌ബോള്‍ ജഗ്‌ളേര്‍സ്, മാജിക് ഷോ, ലേസര്‍, ഫയര്‍ വര്‍ക്കുകള്‍ തുടങ്ങിയവയും അരങ്ങേറും. ഫുട്‌ബോള്‍ ലോകത്തിനും ആരാധകര്‍ക്കും വിശിഷ്യ ആതിഥേയ രാജ്യമായ ഖത്തറിനുമുള്ള ഒരു സമര്‍പ്പണമാകുന്ന നിസ്തുലമായ ആഘോഷമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫിഫ ലോക കപ്പിന് ആതിഥ്യമരുളുന്ന ഖത്തറിനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പ്രകടിപ്പിക്കുന്ന പരിപാടിയായിരിക്കും വെളളിയാഴ്ച നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍.
ഇന്ത്യന്‍ ഡോക്ടേര്‍സ് ക്‌ളബ്ബ്, യുനൈറ്റഡ് നര്‍സസ് ഓഫ് ഇന്ത്യ, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നര്‍സസ് ഖത്തര്‍ എന്നിവയുടെ പ്രതിനിധികള്‍ കാര്‍ണിവല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കുന്നു എന്നുറപ്പുവരുത്തും. വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ആന്റിജന്‍ പരിശോധനക്കും സംവിധാനമൊരുക്കും.

ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ ആറാം നമ്പര്‍ ഗെയിറ്റിലൂടെയാണ് പൊതു ജനങ്ങളെ പ്രവേശിപ്പിക്കുക. എന്നാല്‍ കുടുംബങ്ങള്‍ക്ക് നാലാം നമ്പര്‍ ഗെയിറ്റിലൂടെ പ്രവേശനമനുവദിക്കും.
സെന്‍ട്രോ കാപിറ്റല്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് ഡോ. എം. പി. ഹസന്‍ കുഞ്ഞി , പ്രിന്‍സിപ്പല്‍ സയ്യിദ് ഷൗക്കത്തലി, കാസില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മിബു ജോസ് എന്നിവര്‍ പങ്കെടുത്തു .

Related Articles

Back to top button