ഖത്തര്‍ 2022 ഫിഫ ലോകകപ്പിനുള്ള ആരാധകരുടെ പ്രവേശനം എളുപ്പമാക്കാന്‍ അബു സംറ അതിര്‍ത്തി വിപുലീകരിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ 2022-ലേക്കുള്ള ആരാധകരുടെ പ്രവേശനം എളുപ്പമാക്കാന്‍ അബു സംറ അതിര്‍ത്തി വിപുലീകരിക്കുമെന്ന് ഖത്തര്‍. 2022-ലെ ഫിഫ ലോകകപ്പിലേക്കുള്ള ഒരു വര്‍ഷത്തെ കൗണ്‍ ഡൗണ്‍ ആരംഭിച്ചിരിക്കെ 1.2 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഖത്തറിന്റെ ഒരേയൊരു കര അതിര്‍ത്തിയിലെ വിപുലീകരണത്തില്‍ ലോകകപ്പിനായി ആരാധകരെ സ്വീകരിക്കാന്‍ പ്രത്യേക മേഖല ഉള്‍പ്പെടുത്തുമെന്ന് ലാന്‍ഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ സഹേല്‍ അഭിപ്രായപ്പെട്ടു.
‘അബു സംറ ബോര്‍ഡര്‍ വിപുലീകരണത്തില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കായുള്ള പരിശോധന പ്ലാറ്റ് ഫോമുകള്‍, ആരാധകര്‍, കായിക ടീമുകള്‍, പ്രതിനിധികള്‍ എന്നിവരെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക ഏരിയ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ലോകകപ്പ് സമയത്തും അതിനുശേഷവും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ കാര്യക്ഷമമാക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ, കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ താമസ നിരക്കില്‍ 7% വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയില്‍ ഉണ്ടായത്. വിപുലീകരിച്ച അതിര്‍ത്തി കര മാര്‍ഗം പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്നത് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കും.
‘രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വാണിജ്യ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനും ഖത്തറിന്റെ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ വിപുലീകരണം സഹായകമാകും. ചരക്കുകളുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങള്‍ പരിശോധിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കാനും ബോര്‍ഡര്‍ വിപുലീകരണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബു സംറ അതിര്‍ത്തി വിപുലീകരണം ഖത്തറിലേക്കും ഖത്തറില്‍ നിന്നും പുറത്തേക്കുമുള്ള വാണിജ്യ ഗതാഗതം സുഗമമാക്കുമെന്ന് ലാന്‍ഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.