ഖത്തറില്‍ ഇതുവരേയും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല . ഡോ.ഹമദ് അല്‍ റുമൈഹി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്താകെ ഭീതി വിതക്കുന്ന കേവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഖത്തറില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും രാജ്യം അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ.ഹമദ് അല്‍ റുമൈഹി അഭിപ്രായപ്പെട്ടു. അല്‍ റയ്യയാന്‍ ടി.വി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കോവിഡ്-19 വേരിയന്റായ ഒമിക്റോണിന്റെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയം എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്നും പുതിയ വേരിയന്റുള്ള ഒരു കേസും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അല്‍ റയാന്‍ ടിവിയോട് സംസാരിച്ച അല്‍ റുമൈഹി പറഞ്ഞു,
പുതിയ കോവിഡ് വകഭേദം ഇതുവരെ 10 ലധികം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചുവെന്നത് ഗുരുതരമായ പ്രതിസന്ധിയാണ് .ഈ വൈറസ് വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതീവ ജാഗ്രതയോടെ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കണം.
ഖത്തറിലെ ജനസംഖഖ്യയില്‍ 85 ശതമാനത്തിലധികവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതിനാല്‍ ‘ഖത്തറിലെ സ്ഥിതി സുസ്ഥിരമാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ചയില്‍ മാത്രം ഏകദേശം 35,000 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. പ്രതിദിനം അയ്യായിരം പേരെങ്കിലും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡോസിന്റെ പാര്‍ശ്വഫലങ്ങള്‍ മന്ത്രാലയം കണിശമായി നിരീക്ഷിച്ചുവരികയാണെന്നും ഇതുവരെ ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .