ഫോക്കസ് ഖത്തറിന്റെ ഇന്‍സ്പയറിംഗ് ഹീറോസ് ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്റര്‍നാഷണല്‍ വളണ്ടിയേര്‍സ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ സാമൂഹിക സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ കായിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ സംഘടനകളെ ആദരിക്കുന്നതിനായി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച ‘ഇന്‍സ്പയറിംഗ് ഹീറോസ്’ ശ്രദ്ധേയമായി .
തുമാമയിലെ ഐ ഐ സി സി ഹാളില്‍ വെച്ച് നടന്ന പരിപാടി ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടിറങ്ങുന്നവരാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് പുണ്യ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും കമ്മ്യൂണിറ്റി എന്‍ഗേജ്‌മെന്റ് ടീം ലീഡ് കൂടിയായ ഡോ. മുഹമ്മദ് നൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രവാസികള്‍ക്ക് വേണ്ടി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും കായിക വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ പ്രവാസികളാണ് കൂടുതലായും മുന്നിട്ടിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രയാസപ്പെടുന്നവരുടെ സങ്കടങ്ങളകറ്റാനുള്ള സേവന മനസ്‌കത ഇന്ത്യക്കാരില്‍ കൂടുതലായി കാണാന്‍ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനകളെ ചടങ്ങില്‍ ആദരിച്ചു. മിച്ചഭക്ഷണം പാഴാക്കാതെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ആസൂത്രിതമായി ചെയ്ത വഹാബ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സി ഇ ഒ വര്‍ദ മാമുക്കോയ ഫോക്കസ് ഭാരവാഹികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. ആരോഗ്യ മേഖലയില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകളായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യയുടെ പ്രതിനിധികളായ ലുത്ഫി, സാബിത്ത്, കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം പ്രതിനിധികളായ ടി പി അക്ബര്‍, മുഹമ്മദ് റിയാസ്, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം പ്രതിനിധികളായ ബിനോയ്, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബ് പ്രതിനിധിയായ ഡോ. മക്തൂം അസീസും, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസസ് ഖത്തര്‍ പ്രതിനിധികളായായ സിജോ ജോസ്, ഇജാസ് എന്നിവരും സംഘടനയെ പ്രതിനിധീകരിച്ച് ആദരവ് സ്വീകരിച്ചു.
സേവന സന്നദ്ധകരായ നിരവധി പേരെ കോര്‍ത്തിണക്കി മികച്ച കായിക-സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ഖത്തര്‍ മല്ലു വളണ്ടിയേഴ്‌സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുഹൈല്‍, നിഷാദ്, ആഷിഖ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പ്രവാസ ലോകത്ത് മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മെഹ്ബൂബ്, ഖാലിദ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. കോവിഡ് കാലത്ത് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കിയ റേഡിയോ സുനോ 91.7 പ്രതിനിധി ആര്‍ ജെ അപ്പുണ്ണി റേഡിയോ സുനോക്ക് വേണ്ടി ആദരവ് സ്വീകരിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ വളരെ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ സംഘാടന മികവ് പുലര്‍ത്തിയ കള്‍ച്ചറല്‍ ഫോറം ഖത്തര്‍ അവരുടെ പ്രതിനിധികളായി പങ്കെടുത്ത മുനീഷ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു. നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചാലിയാര്‍ ദോഹയുടെ പ്രതിനിധികളായ സമീല്‍ അബ്ദുല്‍ വാഹിദ്, സിദ്ദീഖ് വാഴക്കാട് എന്നിവര്‍ സംഘടനയ്ക്ക് വേണ്ടി ആദരവ് ഏറ്റുവാങ്ങി.
ഫോക്കസ് ഖത്തര്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി, സി എഫ് ഒ സഫീറുസ്സലാം ഫോക്കസ് ലേഡീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫാരിജ ഹുസൈന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നല്ലളം, ഫോക്കസ് ഖത്തര്‍ ഫൗണ്ടര്‍ മെംബര്‍ മഷ്ഹൂദ് തിരുത്തിയാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫോക്കസ് ഖത്തര്‍ എച്ച് ആര്‍ മാനേജര്‍ ഫാഇസ് എളയോടന്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ നിഷാന്‍ പുരയില്‍, മുന്‍ ഭാരവാഹികളായ അഷ്ഹദ് ഫൈസി, അസ്‌കര്‍ റഹ്‌മാന്‍, മുനീര്‍ മാട്ടൂല്‍, സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുറഊഫ് കൊണ്ടോട്ടി, ഫോക്കസ് ലേഡീസ് ഭാരവാഹികളായ അസ്മിന നാസര്‍, ദില്‍ബ മിദ് ലാജ്, സുആദ ഇസ്മാഈല്‍ എന്നിവര്‍ സംബന്ധിച്ചു. ഫഹ്‌സിര്‍ റഹ്‌മാന്‍, അനീസ് അബ്ദുല്‍ അസീസ്, അമീനുര്‍റഹ്‌മാന്‍ എ എസ്, മൊയ്തീന്‍ ഷാ, റാഷിക് ബക്കര്‍, സാബിക്കുസ്സലാം, ഹാഫിസ് ഷബീര്‍, നാസര്‍ ടി പി, മുഹമ്മദ് മുസ്തഫ, ഡോ റസീല്‍ പി മുഹമ്മദ് ആശിഖ്, മുബാറക്ക് രണ്ടത്താണി, ഫസലുര്‍റഹ്‌മാന്‍ മദനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.