
6 മാസത്തിന് മുകളില്‍ പ്രായമുള്ളവരൊക്കെ ഫ്‌ളൂ വാക്‌സിനെടുക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ തണുത്ത മാസങ്ങളിലേക്ക് നീങ്ങുമ്പോള്‍, 6 മാസത്തിന് മുകളില്‍ പ്രായമുള്ളവരൊക്കെ ഫ്‌ളൂ വാക്‌സിനെടുത്ത് പകര്‍ച്ച പനിയില്‍ നിന്നും പ്രതിരോധം നേടണമെന്ന് ആരോഗ്യ വിദഗ്ധര്‍.
ഇന്‍ഫ്‌ളുവന്‍സ ഒരു ‘മോശമായ ജലദോഷം’ മാത്രമാണെന്നും വിഷമിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഒരു പൊതു തെറ്റിദ്ധാരണയുണ്ട്, എന്നാല്‍ സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം വരെ സംഭവിച്ചേക്കാവുന്ന ഗുരുതരമായ അവസ്ഥക്ക് കാരണമാവുകയും ചെയ്യാം.
ഗള്‍ഫ് മേഖലയില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പകര്‍ച്ചപനി ആര്‍ക്കും വരാമെന്നതിനാല്‍ വാര്‍ഷിക പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടത് അത്യാവശ്യമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് മാനേജര്‍ ഡോ. ഹമദ് അല്‍ റൊമൈഹി പറഞ്ഞു.
ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലാണ് പകര്‍ച്ചപനി കൂടുതലായും സംഭവിക്കുന്നത്.
വര്‍ഷാവസാനം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന സമയം കൂടിയാണ്. ഫ്‌ളൂ ഷോട്ട് എടുത്ത ശേഷം ശരീരത്തിന് പ്രതിരോധശേഷി ഉണ്ടാക്കാന്‍ ഏകദേശം രണ്ടാഴ്ചയെടുക്കും. അതിനാല്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ തന്നെ വാക്‌സിനെടുക്കണം.
”ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക്, ഇന്‍ഫ്‌ളുവന്‍സ ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകും. ഇക്കാരണത്താല്‍, ശൈത്യകാലത്ത് സുരക്ഷിതമായിരിക്കാന്‍ എല്ലാ വര്‍ഷവും ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.
പെട്ടെന്നുള്ള പനി, ചുമ, തലവേദന, പേശികളിലും സന്ധികളിലും വേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് പനിയുടെ ലക്ഷണങ്ങള്‍. മിക്ക ആളുകളും പനിയില്‍ നിന്നും മറ്റ് ലക്ഷണങ്ങളില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, കഠിനമായ ചുമ രണ്ടോ അതിലധികമോ ആഴ്ചകള്‍ വരെ നീണ്ടുനില്‍ക്കും.
ഖത്തറിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 40-ലധികം സ്വകാര്യ ക്ലിനിക്കുകളിലും അര്‍ദ്ധ സര്‍ക്കാര്‍ ക്ലിനിക്കുകളിലും ഫ്‌ളൂ വാക്‌സിനുകള്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രൈമറി ഹീത്ത് കെയര്‍ കോര്‍പ്പറേഷന്‍ പ്രിവന്റീവ് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ മാനേജര്‍ ഡോ. ഖാലിദ് ഹമീദ് എലവാദ് പറഞ്ഞു
ഫ്‌ളൂ വാക്‌സിനേഷന്‍ ലഭിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ കേന്ദ്രത്തില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്തൃ സേവനമായ ഹയാക്കില്‍ 107 എന്ന നമ്പറില്‍ വിളിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.fighttheflu.qa സന്ദര്‍ശിക്കുക.