ഖത്തറിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ ചെയ്ത കാല്‍നട-ജോഗിംഗ് ട്രാക്കുകളുമായി അല്‍ ഗറാഫ പാര്‍ക്ക്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ ചെയ്ത കാല്‍നട-ജോഗിംഗ് ട്രാക്കുകളുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു. ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് അല്‍ ഗരാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചത്.
അല്‍ ഷഫല്ലാഹ് സെന്ററിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമായി. ‘ഖത്തര്‍ സൗന്ദര്യവല്‍ക്കരണവും നമ്മുടെ കുട്ടികള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും’ എന്ന കാമ്പെയ്നിന്റെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് കമ്മിറ്റി നടപ്പിലാക്കിയ ‘ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുക പദ്ധതിയോട് ചേര്‍ന്നാണ് ഭിന്ന ശേഷിക്കാരായ കുട്ടികള്‍ മരങ്ങള്‍ നട്ടത്.
വിവിധ പ്രായങ്ങളിലുള്ള 3000 സന്ദര്‍ശകര്‍ക്ക് നിത്യവും സേവനം നല്‍കുന്നതിനായി ഏകദേശം 50,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് അല്‍ ഗരാഫ് പാര്‍ക്ക് സ്ഥിതി സംവിധാനിച്ചിരിക്കുന്നത്.
ഖത്തറില്‍ ആദ്യമായി എയര്‍കണ്ടീഷന്‍ ചെയ്ത കാല്‍നട-ജോഗിംഗ് ട്രാക്കുകള്‍ സജ്ജീകരിച്ചുവെന്നതാണ് പാര്‍ക്കിന്റെ ഏറ്റവും വലിയ സവിശേഷത.
പാര്‍ക്കിലുടനീളം കാല്‍നടയാത്രക്കാര്‍ക്കും ജോഗിംഗ് ട്രാക്കുകള്‍ക്കുമായി സംയോജിത കൂളിംഗ്, എയര്‍ കണ്ടീഷനിംഗ് സംവിധാനം അശ്ഗാല്‍ നല്‍കിയിട്ടുണ്ട്, ഇത് താപ നില 26 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ നിലനിര്‍ത്തും. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് സാമ്പത്തികവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ കൂളിംഗ്, എയര്‍ കണ്ടീഷനിംഗ് സിസ്റ്റം രൂപകല്‍പ്പന ചെയ്യാനും നടപ്പിലാക്കാനും അശ്ഗാല്‍ എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
പാരിസ്ഥിതിക ഘടകങ്ങളായ മരങ്ങളും കയറുകളും പോലുള്ളവയുടെ ഉപയോഗം ഉറപ്പാക്കുന്ന ഒരു രൂപകല്പനയും ഈ സിസ്റ്റം ആശ്രയിച്ചിരുന്നു, ഇത് തണുത്ത വായു പ്രചരിക്കുന്നതിനും അതിന്റെ ചോര്‍ച്ച കുറയ്ക്കുന്നതിനും ട്രാക്കുകള്‍ക്കുള്ളില്‍ തണുത്ത വായു നിലനിര്‍ത്തുന്നതിനും മെക്കാനിക്കല്‍ ഇടപെടലില്ലാതെ താപനില 10 ഡിഗ്രി കുറയ്ക്കുന്നതിനും സഹായിക്കുന്നു.