Breaking News
2018 ഡിസംബറിന് മുമ്പുള്ള എല്ലാ ട്രാഫിക് പിഴകളും എഴുതി തള്ളി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2018 ഡിസംബറിന് മുമ്പുള്ള എല്ലാ ട്രാഫിക് പിഴകളും എഴുതി തള്ളി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴ സമാഹരണ പദ്ധതിയുടെ ഭാഗമായാണിത്.
2021 ഡിസംബര്‍ 18 മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാഫിക് പിഴകള്‍ അടക്കുന്നവര്‍ക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചാണ് ട്രാഫിക് നിയമലംഘന പിഴ സമാഹരണ പദ്ധതി നടപ്പാക്കുന്നത്. കുമിഞ്ഞു കൂടിയ ട്രാഫിക് നിയമ ലംഘനങ്ങളും പിഴകളും പരിഹരിക്കാനുള്ള അവസരമാണിതെന്നും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.
50 ഇളവോടു കൂടി പിഴകള്‍ ഒടുക്കാനുള്ള മൂന്ന് മാസത്തെ കാമ്പയിന്‍ അവസാനിക്കുന്നതോടെ ശക്തമായ പരിശോധന കാമ്പയിന്‍ ആരംഭിക്കുകയും നിയമ ലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി