ഖത്തറില്‍ പ്രാദേശിക പച്ചക്കറികളുടെ വില്‍പനയില്‍ 21 ശതമാനം വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പ്രാദേശിക പച്ചക്കറികളുടെ വില്‍പനയില്‍ 21 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായുള്ള യാര്‍ഡുകളിലെ പ്രാദേശിക പച്ചക്കറികളുടെ വില്‍പന ഈ വര്‍ഷം ഡിസംബറില്‍ 1,787 ടണ്ണായി വര്‍ധിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 1,473 ടണ്ണില്‍ നിന്ന് 21 ശതമാനം വളര്‍ച്ചയാണിത്.
അല്‍ മസ്റൂഹ്, അല്‍ ഖോര്‍, അല്‍ ദഖിറ, അല്‍ ഷമാല്‍, അല്‍ വക്ര, അല്‍ ഷഹാനിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകള്‍ ഈ കാലയളവില്‍ പ്രതിദിനം ശരാശരി 149 ടണ്‍ പച്ചക്കറികള്‍ വിറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഷിക സീസണില്‍, പ്രാദേശിക കര്‍ഷകര്‍ വലിയ അളവില്‍ പച്ചക്കറികള്‍ വിളവെടുക്കാന്‍ തുടങ്ങിയതാണ് വിപണികളില്‍ വലിയ രീതിയില്‍ പ്രതിഫലിച്ചതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഉരുളക്കിഴങ്ങ്, വെള്ള ഉള്ളി, മത്തങ്ങ, കാപ്സിക്കം, ഇലക്കറികള്‍ തുടങ്ങി നിരവധി പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഫാമുകളില്‍ നിന്ന് മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
സീസണിനായി 2021 നവംബര്‍ 11-ന് തുറന്നതുമുതല്‍ മാര്‍ക്കറ്റുകള്‍ക്ക് ധാരാളം ഉപഭോക്താക്കളെ ലഭിച്ചു. പച്ചക്കറികള്‍ കൂടാതെ, പഴങ്ങള്‍, തേന്‍, ഈന്തപ്പഴം, കൂണ്‍ തുടങ്ങിയ കാര്‍ഷിക, പ്രാദേശിക ഉല്‍പന്നങ്ങളും മാര്‍ക്കറ്റുകളില്‍ ലഭ്യമാണ് . ഡിസംബറില്‍ 500 ടണ്‍ പഴങ്ങളും 783 കിലോ തേനും 947 കിലോ നാടന്‍ ഈത്തപ്പഴവും ആറ് ടണ്ണിലധികം കൂണും വിപണിയില്‍ വില്‍പന നടന്നു.