
ഖത്തറില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനായി ജോര്‍ജിയ മാറിയതായി ജോര്‍ജിയന്‍ അംബാസഡര്‍ നിക്കോളോസ് റെവാസിശ്വിലി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനായി ജോര്‍ജിയ മാറിയതായി ജോര്‍ജിയന്‍ അംബാസഡര്‍ നിക്കോളോസ് റെവാസിശ്വിലി. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ ഖത്തറില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. ്രപമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറില്‍ നിന്നുള്ള സന്ദര്‍ശകരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ജോര്‍ജിയ മാറിയിരിക്കുന്നു. ഖത്തറില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി നിരവധി ഫോണ്‍ കോളുകളാണ് നിത്യവും എംബസിയിലേക്ക് വരുന്നത്.
ആഗോള ആരോഗ്യ പ്രതിസന്ധിയെത്തുടര്‍ന്ന് 2020 ല്‍ യാത്രകള്‍ പരിമിതമായിരുന്നെന്നും എന്നാല്‍ ഖത്തറില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വിനോദസഞ്ചാര പുനരുജ്ജീവനത്തിന് സഹായകമാകുമെന്നും റെവസിശ്വിലി അഭിപ്രായപ്പെട്ടു.
ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് ടിബിലിസിയിലേക്ക് ദിവസേന നേരിട്ടുള്ള ഫ്ലൈറ്റുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസത്തിലും ആഗസ്റ്റിലും ഇത് വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ജോര്‍ജിയയെയും അതിന്റെ തലസ്ഥാനമായ ടിബിലിസിയെയും” യൂറോപ്യന്‍ ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ് എന്ന് ബ്രസ്സല്‍സ് ആസ്ഥാനമായുള്ള യാത്രാ അഡ്‌വൈസറി നാമകരണം ചെയ്തതോടെ , 2021 ല്‍ വാക്സിനേഷനെടുത്ത യാത്രക്കാര്‍ക്കുള്ള മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ജോര്‍ജിയ മാറിയിരിക്കുന്നു.
ജോര്‍ജിയയിലെ ഏറ്റവും വിനോദസഞ്ചാര പ്രാധാന്യമുള്ള കടല്‍ത്തീര നഗരങ്ങളിലൊന്നായ ബതൂമിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് ഖത്തര്‍ എയര്‍വേയ്‌സുമായി ചര്‍ച്ച നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
വാക്‌സിനെടുത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജോര്‍ജിയയിലേക്കും തിരിച്ചും ക്വാറന്റൈന്‍ ഇല്ലാതെ തിരിച്ച് വരാം. കൂടാതെ വാക്‌സിനെടുക്കാത്തവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുള്ള നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് സമര്‍പ്പിച്ചും യാത്രയുടെ മൂന്നാം ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തുകയും ചെയ്താല്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കും. പത്ത് വയസ്സിന് മുകളിലുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് യാത്രക്ക് മുമ്പ് പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടി വരുമെന്നും പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പി.സി.ആര്‍ ടെസ്റ്റില്‍ നിന്ന് ഇളവ് ലഭിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ജിയയെ സുരക്ഷിതമായ ടൂറിസ്റ്റ്് കേന്ദ്രമായി നിലനിര്‍ത്തുന്നതിന്റെ പ്രയാണത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന നിശ്ചയിച്ച പ്രകാരമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും ജോര്‍ജിയന്‍ ഗവണ്‍മെന്റ് നടത്തി വരുന്നുണ്ട്. അത് കൊണ്ട് തന്നെ പൊതുസ്ഥലങ്ങളിലും പൊതുഗതാഗതങ്ങളിലും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അദ്ധേഹം പറഞ്ഞു.