പി.സി.ആര് ഫലം വൈകുന്നു, യാത്രക്കൊരുങ്ങുന്നവരും തിരിച്ചെത്തുന്നവരും ദുരിതത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി പി.സി.ആര്. പരിശോധന നടത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. സാധാരണ ഗതിയില്‍ 24 മണിക്കൂറിനകം ഫലം ലഭിച്ചിരുന്നത് ഇപ്പോള്‍ 48 മണിക്കൂറും അതിലധികവുമെടുക്കുന്നത് നിരവധി പേരെയാണ് കഷ്ടത്തിലാക്കുന്നത്.
പി.സി.ആര് ഫലം എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച കൃത്യമായ ധാരണ നല്കുവാന് ആര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ പി.സി.ആര്. ഫലം വന്ന ശേഷം ടിക്കറ്റെടുക്കയാണ് പരിഹാരമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍ അവസാന നിമിഷം ടിക്കറ്റെടുക്കുമ്പോള്‍ പലപ്പോഴും ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടി വരും.
കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പേര്‍ക്കാണ് യാത്ര നീട്ടിവെക്കേണ്ടി വന്നത്. ബജറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റെടുക്കുന്ന സാധാരണക്കാരായ പ്രവാസകളാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. പല എയര്‍ലൈനുകളിലും ടിക്കറ്റ് മാറ്റുവാന്‍ വലിയ സാമ്പത്തിക ചിലവ് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
48 മണിക്കൂറിനുള്ളിലുള്ള പി.സി. ആര്. ഫലം ആവശ്യമുളള രാജ്യങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. യാത്ര സംബന്ധിച്ച അനിശ്ചിതത്വം ടിക്കറ്റിനും ഹോട്ടല്‍ ബുക്കിംഗിനുമൊക്കെ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.
യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്ക് തല്ക്കാലം റാപിഡ് ആന്റിജന്‍ ടെസ്റ്റ് മതി യെന്ന് പൊതുജനാരോഗ്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചില ഹോട്ടലുകളിലെങ്കിലും ഇത് നടപ്പാക്കുന്നില്ലെന്നാണ് അറിയുന്നത്. രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് കഴിഞ്ഞും പി.സി.ആര്.ഫലം വരാത്തതിനാല്‍ ഹോട്ടലില്‍ നിന്നും ഡിസ്ചാര്‍ജ് ലഭിച്ചില്ലെന്നും അധിക ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ഹോട്ടലുകള്‍ ചാര്‍ജ് ഈടാകുകയാണെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
എന്നാല്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് കഴിഞ്ഞ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി വീട്ടിലേക്ക് പോയതായി പലരും സ്ഥിരീകരിച്ചു.