
എയര്‍ സുവിധയിലെ ഇളവുകള്‍ പുനസ്ഥാപിക്കണം. കള്‍ച്ചറല്‍ ഫോറം ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അടിയന്തിര ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍ വലിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബന്ധുക്കളുടെ മരണം പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ അനുവദിച്ചിരുന്ന ഇളവ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുയാണ്. വിദേശത്ത് നിന്നും വരുന്ന എല്ലാവരും യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം അപ് ലോഡ് ചെയ്യണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. അധിക തുക നല്‍കിയാല്‍ നാലു മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടുന്ന സൗകര്യം സ്വകാര്യ ലാബുകള്‍ വഴിയുണ്ടായിരുന്നതിനാലാണ് ഒരു പരിധി വരെ ഈ ബുദ്ധിമുട്ടിനെ മറികടന്നിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ മിക്കലാബുകളിലും പരിശോധന നിര്‍ത്തുകയോ ബുക്കിംഗ് ലഭ്യമല്ലാത്ത സാഹചര്യമോ ആണുള്ളത്. ഇതോടെ പെട്ടെന്ന് നാട്ടിലെത്തേണ്ടവര്‍ക്ക് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസം പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടിലെത്താനാകാതെ മലയാളി യുവാവിന്റെ യാത്ര മുടങ്ങിയിട്ടുണ്ട്. സമാനമായ അടിയന്തിര ആവശ്യങ്ങളുമായി നിരവധി ആള്‍ക്കാരാണ് ഇപ്പോള്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്.
എയര്‍ സുവിധയിലെ എടുത്ത് മാറ്റിയ ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രവാസികാര്യ മന്തി, വ്യോമയാന മന്ത്രി എന്നിവര്‍ക്കും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, നോര്‍ക്ക ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും കള്‍ച്ചറല്‍ ഫോറം ഇ-മെയില്‍ അയച്ചു.
വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ഇടപെട്ട് പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന ഈ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കള്‍ച്ചറല്‍ ഫോറം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹന്‍, ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.