പി.സി.ആര്‍. പ്രതിസന്ധി തുടരുന്നു, പലര്‍ക്കും അടിയന്തിര യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പി.സി.ആര്‍ ഫലം സംബന്ധിച്ച കാലതാമസം സൃഷ്ടിക്കുന്ന പ്രതിസന്ധി തുടരുന്നു, പലര്‍ക്കും അടിയന്തിര യാത്രകള്‍ ഒഴിവാക്കേണ്ടി വരുന്നു. അധികം ചാര്‍ജ് നല്‍കിയാണെങ്കിലും അടിയന്തിര കേസുകളില്‍ മണിക്കൂറുകള്‍ കൊണ്ട് ഫലം ലഭിച്ചിരുന്ന സിദ്റ മെഡിക്കല്‍ സെന്ററില്‍ ഈ ദിവസങ്ങളിലൊന്നും അപ്പോയന്റ്മെന്റ് തന്നെ ലഭ്യമല്ലെന്നാണ് പല യാത്രക്കാരും പറഞ്ഞത്.
അതിനിടെ രക്തബന്ധത്തില്‍പെട്ടവരുടെ വിയോഗം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പി.സി.ആര്‍ ഇല്ലാതെ യാത്ര അനുവദിച്ചിരുന്നത് കേന്ദ്രം നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്നു. കഴിഞ്ഞ ദിവസം സ്വന്തം അച്ഛന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നതിനായി എയര്‍പോര്‍ട്ടിലെത്തിയ മുംബൈ മലയാളിയെ യാത്ര ചെയ്യാനനുവദിക്കാതെ തിരിച്ചയച്ചതായി അറിയുന്നു. എയര്‍സുവിധയില്‍ നിന്നും അനുമതി ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുമുള്ള കത്തുമായി എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനെ തിരിച്ചയച്ച സംഭവം ഇന്ത്യന്‍ സമൂഹത്തെയാകമാനം ആശങ്കയിലാക്കിയിരിക്കുകയാണ് .
രക്തബന്ധത്തില്‍പെട്ടവരുടെ വിയോഗം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ , മരണ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കി പി.സി.ആര്‍ ഇല്ലാതെ യാത്ര ചെയ്യുവാന്‍ നേരത്തെ നല്‍കിയിരുന്ന ഇളവ് എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായയി പല സാമൂഹ്യ പ്രവര്‍ത്തകരും ഇന്ത്യ ഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ട്.