ഖത്തറില്‍ കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ മാറ്റം പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍ മാറ്റം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു . ഇതനുസരിച്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ ടെസ്റ്റ് കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ വ്യക്തികള്‍ക്ക് എസ്. എം. എസ്. വഴി അയയ്ക്കും. പരിശോധന കഴിഞ്ഞ് 4 മണിക്കൂറിനുള്ളില്‍ ഇഹ്തിറാസ്ആപ്പിലും ഫലങ്ങള്‍ ദൃശ്യമാകും. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളില്‍ നടത്തുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ 2022 ജനുവരി 10 തിങ്കളാഴ്ച മുതലാണ് ഇഹ്‌തെറാസ് ആപ്ലിക്കേഷനില്‍ പ്രതിഫലിക്കുക.
രോഗലക്ഷണങ്ങളില്ലാത്ത, കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് അല്ലെങ്കില്‍ കോവിഡ് -19 വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച രോഗബാധിതരായ ആളുകള്‍ക്കും അതുപോലെ 50 വയസ്സിന് താഴെയുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളൊന്നും ബാധിക്കാത്തവര്‍ക്കും, വൈറസിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷി ഉള്ളതിനാല്‍, പി.സി ആര്‍ ടെസ്റ്റിന് പകരം ഒരു ദ്രുത ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാനുള്ള ഓപ്ഷനാണ് പുതിയ മാറ്റം നല്‍കുന്ന പ്രധാന ആനൂകൂല്യം.
യാത്രക്ക് ശേഷം പി.സി. ആറിന് പകരം റാപിഡ് ആന്റിജന്‍ ടെസ്റ്റ് എന്നതും വലിയ സൗകര്യമാകും.