
ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ 9 മാസമായി നീട്ടാനുള്ള തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി മൂന്ന് മാസത്തില്‍ നിന്ന് ഒമ്പത് മാസമായി നീട്ടാനുള്ള തീരുമാനം ഇന്ന് (ജനുവരി 8 )മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ മറ്റുള്ളവര്‍ക്ക് റിക്രൂട്ട് ചെയ്യുന്നതിന് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന 2005 ലെ തീരുമാന നമ്പര്‍ (8) ലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ 2021 ലെ തീരുമാനം നമ്പര്‍ (21) പ്രകാരമാണിത്.
ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ ഒമ്പത് മാസത്തെ പ്രൊബേഷണറി കാലയളവ് ഉറപ്പ് നല്‍കാന്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. ആദ്യത്തെ മൂന്ന് മാസങ്ങളില്‍, തൊഴില്‍ കരാര്‍ അവസാനിപ്പിക്കാനും റിക്രൂട്ട്മെന്റ് ഓഫീസിലേക്ക് അടച്ച മുഴുവന്‍ തുകയും വീണ്ടെടുക്കാനും തൊഴിലുടമയ്ക്ക് അവകാശമുണ്ട്, അതേസമയം അധിക ആറ് മാസത്തെ പ്രൊബേഷണറി കാലയളവില്‍ തൊഴിലാളി അധിക പ്രൊബേഷന്‍ കാലയളവില്‍ തൊഴിലുടമയുടെ സേവനത്തില്‍ ചെലവഴിച്ച ഓരോ മാസത്തിനും 15% വീതം കുറക്കാം.