2021 ല്‍ നടത്തിയ 35000 പരിശോധനകളില്‍ 6994 കമ്പനികളെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ക്കും 2509 കമ്പനികള്‍ താമസ നിയമലംഘനത്തിനും പിടികൂടിയതായി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ 2021 ല്‍ നടത്തിയ 35000 പരിശോധനകളില്‍ 6994 കമ്പനികളെ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങള്‍ക്കും 2509 കമ്പനികള്‍ താമസ നിയമലംഘനത്തിനും പിടികൂടിയതായി തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സയീദ് ബിന്‍ സുമൈഖ് അല്‍ മര്‍രി പറഞ്ഞു. ഖത്തറിലെ പ്രമുഖ അറബി ദിനപത്രമായ അല്‍ ശര്‍ഖിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവുമുറപ്പുവരുത്തുന്ന തൊഴില്‍ നിയമങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുവെന്നുറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം പരിശോധനകള്‍ നടത്തുന്നതെന്നും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളില്‍ യാതൊരു വിട്ചുവീഴ്ചയും അനുവദിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ നിരീക്ഷണം കര്‍ശനമാക്കുമെന്നും പരാതികളില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ അടച്ചുപൂട്ടുമെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രാലയം നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കുമായി സമഗ്രമായ ഇലക്ട്രോണിക് സംവിധാനം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്നും വേഗത്തിലുള്ള നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.