കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുളള ശ്രമം അനുവദിക്കില്ല: കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ. കരിപ്പൂര്‍ എയര്‍പോര്‍ട്ട് തകര്‍ക്കാനുളള ശ്രമം അനുവദിക്കില്ലെന്ന് കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. 2015 ല്‍ റണ്‍വെ കാര്‍പ്പറ്റിംങ്ങിന്റെ പേരില്‍ റദ്ധ് ചെയ്യപ്പെട്ട വലിയ വിമാനങ്ങള്‍ നിരന്തര പോരാട്ടത്തിന്റെ ഫലമായി സര്‍വ്വീസ് പുനരാരംഭിക്കാനിരിക്കെ റണ്‍വെ സേഫ്റ്റി ഏരിയ വര്‍ദ്ധിപ്പിച്ച് റണ്‍വെ നീളം ചുരുക്കുന്നത് കേരളത്തിലെ മറ്റു എയര്‍ പോര്‍ട്ടുകള്‍ നടത്തുന്ന സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി കരിപ്പൂരിനെ തകര്‍ക്കാനാണെന്ന് കള്‍ച്ചറല്‍ ഫോറം കുറ്റപ്പെടുത്തി. ഇതിനു അനുകൂലമായ നിലപാടെടുക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടുനില്‍ക്കുകയും അതുവഴി മലബാറിലെ വികസനത്തിന് തുരങ്കം വെക്കുകയുമാണ്.
ബന്ധപ്പെട്ട അധികാരികള്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അടിയന്തിരമായി എയര്‍പോര്‍ട്ട് വികസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കരിപ്പൂര് എയര്‍പോര്‍ട്ട് തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും കള്‍ച്ചറല്‍ ഫോറം മലപ്പുറത്തിന്റെ പിന്തുണയുണ്ടാകുമെന്നും പ്രമേയത്തിലൂടെ അറിയിച്ചു.
കള്‍ചറല്‍ ഫോറം മലപ്പുറം ജില്ല സംഘടിപ്പിച്ച നേതൃസംഗമത്തിലായിരുന്നു പ്രമേയ അവതരണം. കറന്റ് അഫയേഴ്സ് സെക്രട്ടറി നബീല്‍ പ്രമേയമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി റഷീദലി അധ്യക്ഷത വഹിച്ചു.