ഖുര്‍ആന്‍ മലയാളം : ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സര്‍ഗാത്മകതയുടെ സൗന്ദര്യം
ഡോ. അമാനുല്ല വടക്കാങ്ങര
മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ അവസാന ദിവ്യ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെ സന്ദേശങ്ങളും ആശയങ്ങളും ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ് . ഒരു പക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ വായികപ്പെടുന്ന വേദ ഗ്രന്ഥമെന്നതും ഏറ്റവുമധികം പഠനങ്ങള്‍ നടക്കുന്ന ഗ്രന്ഥമെന്നതുമൊക്കെ വിശുദ്ധ ഖുര്‍ആനിന്റെ സവിശേഷതകളാകാം.
ഖുര്‍ആന്‍ ശുദ്ധ അറബി ഭാഷയിലായതുകൊണ്ട് ഈ സന്ദേശം അറബി അറിയാത്തവര്‍ക്ക് വായിച്ചു ഗ്രഹിക്കുക സാധ്യമല്ലാത്തതുകൊണ്ടാണ് മലയാളമടക്കം വിവിധ ഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷകളുള്ളത്. എന്നാല്‍ നമ്മുടെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ പൊതുവെ മുസ്‌ലിം മനസിനെ മുന്നില്‍കണ്ട് വിരചിതമായിട്ടുള്ളതാണ്. ഈ രംഗത്ത് ഏറെ വ്യത്യസ്തമായ ഒരു ശ്രമമാണ് വി.വി. എ. ശുക്കൂറിന്റെ ഖുര്‍ആന്‍ മലയാളം. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് അബ്ദുല്ല യൂസുഫ് അലിയുടെ ഖുര്‍ആനിന്റെ ഇംഗ്‌ളീഷ് പരിഭാഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഖുര്‍ആന്‍ മലയാളം , ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സര്‍ഗാത്മകതയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്നതാണ് . ആശയം ഫൗണ്ടേഷനാണ് ഖുര്‍ആന്‍ മലയാളം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.
പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളീയ സമൂഹത്തിലെ ചിന്താമണ്ഡലങ്ങളില്‍ ഖുര്‍ആന്‍ മലയാളം ചര്‍ച്ചാവിഷയമായി എന്നത് ഈ വിവര്‍ത്തനത്തിന്റെ സമകാലിക പ്രസക്തിയാണ് വിളിച്ചോതുന്നത്.
ഖുര്‍ആന്‍ മലയാളം പരമ്പരാഗത മുസ്‌ലിംകളല്ലാത്ത വിദ്യാസമ്പന്നരെ മുഖ്യമായും അല്ലാത്തവരെ പൊതുവായും മുന്നില്‍ കണ്ട് വിരചിതമായിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇതിലെ ഭാഷയും പ്രയോഗങ്ങളുമൊക്കെ മലയാള സാഹിത്യത്തില്‍ ചിരപരിചിതമായതാണ് . എല്ലാ വിഭാഗമാളുകള്‍ക്കും വായിക്കാനും ഗ്രഹിക്കാനും ആസ്വദിക്കാനുമുതകുന്ന ഭാഷാ ശൈലിയും പ്രയോഗങ്ങളും ഖുര്‍ആന്‍ മലയാളത്തെ സവിശേഷമാക്കും.
ഖുര്‍ആന്‍ മലയാളം ശരിക്കും നമ്മുടെ പതിവ് ഖുര്‍ആന്‍ വിവര്‍ത്തനങ്ങളില്‍ നിന്നുള്ള ഒരു മാറിനടക്കലാണ് – ഭാഷയിലും ശൈലിയിലും അവതരണത്തിലും വായനാസൗഹൃദ സമീപനത്തിലും എല്ലാം. മലയാളികള്‍ അവരുടെ സാഹിത്യ-അക്കാദമിക വ്യവഹാരങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന മലയാളമാണ് ഇതിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. മത-സാമുദായിക പ്രത്യേകതയുള്ളതോ, മറ്റുള്ളവര്‍ക്ക് അപരിചിതമായതോ, പൊതുവായനക്കാരെ ഖുര്‍ആനിന്റെ സൗന്ദര്യത്തില്‍ നിന്നും സമ്പന്നതയില്‍ നിന്നും അകറ്റാന്‍ കാരണമാകുന്നതോ ആയ പ്രയോഗങ്ങളും ശൈലികളും ഈ വിവര്‍ത്തനത്തില്‍ കഴിവതും ഒഴിവാക്കിയിരിക്കുന്നു. വായനയുടെ ഒഴുക്കിനും സൗന്ദര്യത്തിനും ഭംഗം വരുത്താതെയുള്ള വിവര്‍ത്തനം ഖുര്‍ആനിക ശൈലികളുടേയും ഭാഷയുടേയും സൗന്ദര്യം കൂടുതല്‍ അനുഭവവേദ്യമാക്കുന്നു. മാനവരാശിയുടെ മാര്‍ഗദര്‍ശനമായ ഈ ഗ്രന്ഥം കൂടുതലാളുകളിലേക്ക് എത്തിക്കുന്നതിനും സര്‍ഗാത്മകമായ സംവാദങ്ങള്‍ക്കും ഖുര്‍ആന്‍ മലയാളം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഖുര്‍ആന്‍ പ്രപഞ്ചത്തോളം വിശാലമായതും, മനുഷ്യജീവിതത്തിന്റെ സമഗ്രതലങ്ങളെ ഉള്‍കൊള്ളുന്നതും, മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്‍കപ്പെട്ടതുമായ നിത്യപ്രകാശമാണ് എന്ന വിശാലമായ ആശയമാണ് ഖുര്‍ആന്‍ മലയാളം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നത്. ഖുര്‍ആനിക ജ്ഞാനത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഖുര്‍ആനിന്റെ സൗന്ദര്യത്തോടും മേന്മയോടും പരമാവധി നീതിപുലര്‍ത്തുന്ന സുഗ്രഹമായ പൊതുഭാഷയിലും ശൈലിയിലും ഖുര്‍ആന്‍ അവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. പൊതുസമൂഹത്തിന് വായനാസുഖം നല്‍കുന്നതും ഖുര്‍ആനിന്റെ ജ്ഞാനനിക്ഷേപങ്ങള്‍ സ്വായത്തമാക്കുന്നതിന് സഹായകവുമായ വിവര്‍ത്തനമാണ് ഖുര്‍ആന്‍ മലയാളം. ഓരോ ഖുര്‍ആന്‍ വചനത്തിനും മലയാളത്തില്‍ ലിപ്യന്തരണം നല്‍കിയിരിക്കുന്നതിനാല്‍, അറബി അക്ഷരങ്ങള്‍ പരിചയമില്ലാത്ത വായനക്കാര്‍ക്കും ഖുര്‍ആന്‍ വചനങ്ങള്‍ വായിക്കുവാന്‍ സാധിക്കുമെന്നത് ഈ വിവര്‍ത്തനത്തിന്റെ സവിശേഷതയാണ് .
1872 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ സൂറത്തില്‍ ജനിച്ച് പില്‍കാലത്ത് ഇംഗ്ലണ്ടണ്ടിലേക്ക് കുടിയേറിയ അസാധാരണ ബുദ്ധിവൈഭവത്തിന് ഉടമയായിരുന്ന ബഹുമുഖ പ്രതിഭയായ അബ്ദുല്ല യൂസുഫ് അലിയുടെ ലോകോത്തരമായ ഇംഗ്‌ളീഷ് പരിഭായെ അടിസ്ഥാനമാക്കിയാണ് ഖുര്‍ആന്‍ മലയാളം തയ്യാറാക്കിയിരിക്കുന്നത്. യൂസുഫ് അലിയുടെ ‘ഖുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനവും വിശദീകരണവും’ ലോകാടിസ്ഥാനത്തില്‍ പ്രചാരമുള്ള പരിഭാഷയാണ്.
കാവ്യാത്മക സൗന്ദര്യവും ദാര്‍ശനിക ഗരിമയും സമന്വയിക്കുന്ന ഭാഷ ; അനുവാചകരുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ആത്മീയമായ ബോധദീപ്തി യിലേക്ക് അവരെ ഉയര്‍ത്തുകയും ചെയ്യുന്ന സമര്‍ഥനങ്ങള്‍ ; ലോകവിജ്ഞാനത്തിന്റെ അനേകം അടരുകളിലേക്ക് സൂചനകള്‍ നല്‍കിയും, ലോകസാഹിത്യത്തിന്റെ ഉദാത്ത മാതൃകകളില്‍ നിന്ന് ഉദ്ധരണികള്‍ നല്‍കിയും കടന്നുപോകുന്ന വിശദീകരണങ്ങള്‍ ; പുതിയ ചിന്തകള്‍ മുന്നോട്ട് വെക്കുമ്പോഴും പൂര്‍വകാല ഖുര്‍ആന്‍ വിജ്ഞാന സമ്പന്നതയെ വിലമതിക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന സൂക്ഷ്മത – ഇവ യൂസുഫ് അലിയുടെ ഖുര്‍ആന്‍ വിവര്‍ത്തന-വിശദീകരണ ഗ്രന്ഥത്തിന്റെ മുഖമുദ്രയാണ്. ഖുര്‍ആന്‍ വചനങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന അര്‍ഥം സൂക്ഷ്മമാണ്. വിശദീകരണക്കുറിപ്പുകള്‍ മാനുഷിക കാഴ്ചപ്പാട് പുലര്‍ത്തുന്നതും എല്ലാവരെയും ആകര്‍ഷിക്കത്തക്കതുമാണ്, അവ നവീനമായ ആത്മീയ ഉള്‍കാഴ്ച പ്രദാനംചെയ്യുന്നു. അദ്ദേഹം പറയുന്നു : ”ഇതിലെ ഇംഗ്ലീഷ് ഭാഷ കേവലം ഒരു വാക്കിന് മറ്റൊരു വാക്ക് പകരംവെക്കുന്നതല്ല ; മറിച്ച്, അറബി മൂലപാഠത്തില്‍ നിന്ന് എനിക്ക് മനസിലാക്കാന്‍ കഴിയുന്ന പൂര്‍ണ ആശയത്തിന് എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല അര്‍ഥപ്രകാശനമാണത്. മൂലപാഠത്തിന്റെ താളവും ഈണവും ഉന്നതഭാവവും ഇംഗ്ലീഷ് വ്യാഖ്യാനത്തില്‍ പ്രതിഫലിക്കേണ്ടണ്ടതുണ്ട്. അതൊരു മങ്ങിയ പ്രതിഫലനം മാത്രമായിരിക്കാം, പക്ഷേ എന്റെ തൂലികക്ക് അധീനമാക്കാന്‍ കഴിയുന്ന അത്രയും സൗന്ദര്യവും ശക്തിയും അതിനുവേണ്ടി സമര്‍പിക്കേണ്ടതുണ്ട്. ഇംഗ്ലീഷിനെ തന്നെയും ഒരു ഇസ്‌ലാമിക ഭാഷയാക്കാനാണ് ഞാന്‍ ഉദ്യമിക്കുന്നത്, എന്നെപ്പോലെ ഒരാള്‍ക്ക് അതിന് കഴിയുമെങ്കില്‍.” ഇങ്ങനെയുള്ളൊരു ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥം വിവിധ വിശ്വാസങ്ങളിലും പശ്ചാതലങ്ങളിലും പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നെങ്കില്‍ അതില്‍ അത്ഭുതമില്ല.
സാഹിത്യ പരവും ആശയപരവുമായ തനിമയും ഗരിമയുമുള്ള അബ്ദുല്ല യുസുഫ് അലി യുടെ ഖുര്‍ആന്‍ പരിഭാഷയുടെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് പരിചയസമ്പന്നനായ എഴുത്തുകാരനും പത്രാധിപരും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.വി.എ. ശുക്കൂര്‍ ആണ്. വാടാനപ്പള്ളി ഇസ്‌ലാമിയ കോളെജില്‍ നിന്ന് 1985 ല്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ഫാറൂഖ് കോളെജിലും കേരള മീഡിയ അക്കാദമിയിലും പഠിക്കുകയും ചെയ്ത അദ്ദേഹം, ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുത്തുകാരനായും ഒരു പതിറ്റാണ്ടിലധികം പ്രവര്‍ത്തിച്ചു. പിന്നീട്, അധ്യാപക പരിശീലകനായും ഇംഗ്ലീഷ് സ്‌കൂള്‍ മേധാവിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ വൈജ്ഞാനിക-ഗ്രന്ഥരചന-പ്രസാധന മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നു.
ഖുര്‍ആന്‍ മലയാളം വിവര്‍ത്തന-പ്രസാധനപദ്ധതി ആശയം ഫൗണ്ടേണ്ടഷന്റെ ലാഭേച്ഛയില്ലാത്ത സംരംഭമാണ്. കേരള സര്‍കാരില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റാണ് ആശയം ഫൗണ്ടേണ്ടഷന്‍. ഖുര്‍ആനിക സന്ദേശങ്ങള്‍ വിശാല ജനസമൂഹങ്ങളിലേക്ക് എത്തിക്കുകയാണ് ട്രസ്റ്റിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. പൊതുവായ വിജ്ഞാനവ്യാപനം, വിദ്യാഭ്യാസ സഹായനടപടികള്‍, ജീവകാരുണ്യ-മനുഷ്യോപകാര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതര ലക്ഷ്യങ്ങള്‍. പണ്ഡിതന്മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഭരണനിര്‍വാഹകര്‍ തുടങ്ങിയവര്‍ ഉള്‍കൊള്ളുന്ന ‘ഫൗണ്ടേണ്ടഷന്‍’ അംഗങ്ങള്‍ വി.വി.എ. ശുക്കൂര്‍ (ചെയര്‍മാന്‍), പി.ടി. അബ്ദുര്‍റശീദ് (വൈസ്‌ചെയര്‍മാന്‍),കെ.പി. അബ്ദുല്‍ ഖാദര്‍ (സെക്രട്ടറി), പി. അബ്ദുല്‍ അസീസ് (ട്രഷറര്‍), എ. അബ്ദുല്ലത്വീഫ്, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ടി.എച്. സൈദു മുഹമ്മദ്, എ. റശീദുദ്ദീന്‍, ഇ.എം. മുഹമ്മദ് അമീന്‍, എ.കെ. അബ്ദുല്‍ മജീദ്, പി. അബ്ദുല്‍ കരീം, കെ. മുഹമ്മദ് കുട്ടി, കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് .
ഖുര്‍ആന്‍ മലയാളവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9946494433/7994380830 എന്നീ വാട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാം.