അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ്മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും സാധാരണ നിലയയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാണ് അത്യാവശ്യമായ യാത്രകള്‍ നടക്കുന്നത്.
എയര്‍ ബബ്ള്‍ സര്‍വ്വീസുകളെക്കുറിച്ച് ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഫേസ് ബുക്കില്‍ കുറിച്ച കുറിപ്പ് സാധാരണക്കാര്‍ക്ക് ഈ സംവിധാനത്തെക്കുറിച്ച ഏകദേശ ധാരണ നല്‍കാന്‍ പോന്നതാണ്.
അദ്ദേഹം എഴുതുന്നു. അന്താരാഷ്ട്ര തലത്തിലുള്ള സാധാരണ വിമാന സര്‍വീസ് നിര്‍ത്തിയിട്ട് ഏകദേശം രണ്ട് വര്‍ഷമാവുകയാണ്.
2020 മാര്‍ച്ച് 23 മുതലാണ് ഈ സര്‍വീസുകള്‍ സസ്‌പെന്റ് ചെയ്തത്.
പകരം ആദ്യം വന്ദേ ഭാരത് മിഷന്‍ പ്രകാരവും പിന്നീട് എയര്‍ ബബ്ള്‍ കരാര്‍ പ്രകാരവും സര്‍വ്വീസുകള്‍ നടത്തുന്നു.
ഇന്ത്യന്‍ വ്യോമയാന മന്ത്രലായത്തിന്റെ കണക്കുകള്‍ അനുസരിച്ച് ദിനം പ്രതി എയര്‍ ബബ്ള്‍ സംവിധാനത്തിലൂടെ,
1. ശരാശരി 50,000 പേര്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് 36,000 പേരും യാത്ര ചെയ്യുന്നു.
2. 305 വിമാനങ്ങള്‍ ദിനം പ്രതി സര്‍വ്വീസ് നടത്തുന്നു. ഇതില്‍ പകുതിയോളം വിദേശ വിമാനക്കമ്പനികളാണ്.
3. മുപ്പത്തി അഞ്ചു രാജ്യങ്ങളുമായാണ് നിലവില്‍ ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാര്‍ ഉള്ളത്.
4. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് യു.എ.ഇ.യില്‍ നിന്നാണ്. ആഴ്ചയില്‍ 492 സര്‍വ്വീസുകള്‍ നടത്തുന്നു.
5. ഇന്ത്യക്ക് ദുബായ്, അബുദാബി, ഷാര്‍ജ എന്നീ എമിറേറ്റുകളുമായി വ്യത്യസ്ത കരാറാറുകളാണുള്ളത്. കോവിഡിന് മുമ്പ് ദുബായില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഷാര്‍ജയില്‍ നിന്നാണ് ഉള്ളത്.
6. ആഴ്ചയില്‍ 222 സര്‍വ്വീസുകള്‍ ഷാര്‍ജയില്‍ നിന്നും 199 സര്‍വ്വീസുകള്‍ ദുബായില്‍ നിന്നും ബാക്കി 71 സര്‍വ്വീസുകള്‍ അബുദാബിയില്‍ നിന്നുമാണ്.
7. ഖത്തര്‍ എയര്‍വെയ്‌സ് ആഴ്ചയില്‍ 105 സര്‍വ്വീസുകള്‍ നടത്തുന്നു.
8. കുവൈറ്റ് എയര്‍വെയ്‌സും ജസീറ എയര്‍വെയ്‌സും ചേര്‍ന്ന് 83 സര്‍വ്വീസുകളും ഒമാന്‍ എയര്‍ലൈന്‍ 46 സര്‍വ്വീസുകളും നടത്തുന്നു.
9. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സൗദി അറേബ്യയില്‍ നിന്നും അടുത്തിടെ മാത്രമാണ് എയര്‍ ബബ്ള്‍ കരാര്‍ ആരംഭിച്ചത്. സൗദിയയും ഫ്‌ലൈ നാസും ചേര്‍ന്ന് 39 സര്‍വ്വീസുകള്‍ മാത്രമാണ് ഇന്ത്യയുടെ ആറ് എയര്‍പോര്‍ട്ടുകളിലേക്കായി നടത്തുന്നത്.
10. ഗള്‍ഫ് എയര്‍ 14 സര്‍വ്വീസുകളാണ് ആഴ്ചയില്‍ നടത്തുന്നത്.
11. അഫ്ഗാനിസ്ഥാനിലെ പുതിയ അധികാരകൈമാറ്റത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അഫ്ഗാനിലേക്ക് സര്‍വ്വീസ് നടത്തുന്നില്ല. എന്നാല്‍ അഫ്ഗാന്‍ എയര്‍ലൈന്‍സായ അരിയാന അഫ്ഗാന്‍ കാബൂളില്‍ നിന്ന് മൂന്നും കണ്ഡഹാറില്‍ നിന്ന് ഒന്നും സര്‍വ്വീസുകള്‍ ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ നടത്തുന്നു.
കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തില്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കുമെന്നത് അനിശ്ചിതമായി നീളുകയാണ്. നിലവില്‍ ഫെബ്രുവരി 28 വരെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.