ഖത്തറില്‍ യാത്രക്കുള്ള പി.സി.ആര്‍ തിരക്കുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ യാത്രക്കുള്ള പി.സി.ആര്‍ തിരക്കുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് . പി.സി.ആര്‍. പരിശോധന നടത്തുന്ന മിക്ക സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി യാത്രക്കുള്ള പി.സി.ആര്‍. പരിശോധനകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനവും നാട്ടിലെ 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റൈനുമൊക്കെ യാത്ര കുറക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍.
പി.സി. ആറിനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഖത്തറില്‍ പി.സി.ആര്‍ ഫലം സംബന്ധിച്ച കാലതാമസം സൃഷ്ടിക്കുന്ന പ്രതിസന്ധി ഏറെക്കുറേ പരിഹരിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലൂസൈലില്‍ ഡ്രൈവ് ത്രൂ പരിശോധന ആരംഭിച്ചതും സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശോധന ഫലം 24 മണിക്കൂറിനും 48 മണിക്കൂറിനുമിടയില്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ പ്രയാസം അവസാനിച്ചതായാണ് അറിയുന്നത്.
കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി പല കേസുകളിലും റാപിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ അംഗീകരിച്ചതും പി.സി.ആര്‍. പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ സഹായകമായി.
ഇപ്പോള്‍ മിക്ക കേന്ദ്രങ്ങളിലും 24 മണിക്കൂറില്‍ തന്നെ പി.സി.ആര്‍ റിസല്‍ട്ട് ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്.