ജി.സി.സി. റെയില്‍വേ അതോരിറ്റി രൂപീകരിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതിയായ ജി.സി.സി. റെയില്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി ജി.സി.സി. റെയില്‍വേ അതോരിറ്റി സമയബന്ധിതമായി രൂപീകരിക്കാനും പ്രവര്‍ത്തനമാരംഭിക്കുവാനും ജിസിസി രാജ്യങ്ങളിലെ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രിമാര്‍, ഗതാഗത മന്ത്രിതല സമിതി അംഗങ്ങള്‍ എന്നിവരുടെ യോഗത്തില്‍ ധാരണയായി. സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് നടന്ന അസാധാരണ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയാണ് ഖത്തറിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്.
ജിസിസി റെയില്‍വേ അതോറിറ്റി രൂപീകരിക്കുന്നതിന് അറബ് രാജ്യങ്ങള്‍ക്കായുള്ള (ജിസിസി) സഹകരണ കൗണ്‍സിലിന്റെ (ജിസിസി) സുപ്രീം കൗണ്‍സിലിന്റെ 42-ാമത് സെഷന്റെ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
ജിസിസി റെയില്‍വേ അതോറിറ്റിയുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സമയക്രമവും ചര്‍ച്ച ചെയ്ത യോഗം പന്ത്രണ്ട് മാസം നീളുന്ന സ്ഥാപക ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ അംഗീകരിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.