
കഹ്‌റാമയുടെ സ്മാര്‍ട്ട് പദ്ധതി 80 ശതമാനവും പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) സ്മാര്‍ട്ട് പദ്ധതി 80 ശതമാനവും പൂര്‍ത്തിയായതായി കഹ്റാമയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഫോര്‍ സ്മാര്‍ട്ട് സൊല്യൂഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബദര്‍ പറഞ്ഞു. അല്‍ റയാന്‍ ടി.വി.ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷനെ മനുഷ്യ ഇടപെടലില്ലാതെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ‘സ്മാര്‍ട്ട്’ ആക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ഈ രംഗത്ത് ആശാവഹമായ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ സ്മാര്‍ട്ട് സിറ്റി സങ്കല്‍പങ്ങള്‍ പിന്തുടര്‍ന്ന്, ഉപഭോക്താക്കളുടെ പ്രയത്‌നം ലഘൂകരിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്ന തരത്തിലുള്ള സേവനങ്ങളാണ് കഹ്‌റാമ പദ്ധതി നല്‍കുന്നത്.
സ്വയം ഒരു സ്മാര്‍ട്ട് കോര്‍പ്പറേഷനാക്കി മാറ്റുന്നതിനായി 2014-ല്‍ ആരംഭിച്ച ദീര്‍ഘകാല പദ്ധതിയാണ് കഹ്റാമ നടപ്പാക്കുന്നത്. ഇപ്പോള്‍ ലക്ഷ്യത്തിന്റെ 80 ശതമാനം കൈവരിച്ചു കഴിഞ്ഞു.
എല്ലാത്തരം ഉപഭോക്താക്കള്‍ക്കുമായി കഹ്റാമയുടെ മിക്ക സേവനങ്ങളും അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. മനുഷ്യ ഇടപെടല്‍ ആവശ്യമില്ലാതെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനമാണ് കഹ്‌റാമ ഉദ്ദേശിക്കുന്നത്.
യാതൊരു സഹായവുമില്ലാതെ ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് ഓട്ടോമേറ്റഡ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അല്‍ ബദര്‍ പറഞ്ഞു. സാങ്കേതിക പരിജ്ഞാനത്തില്‍ വ്യത്യസ്ത പശ്ചാത്തലമുള്ള ഉപഭോക്താക്കളെ പരിഗണിച്ച് സേവനങ്ങള്‍ വളരെ ഉപഭോക്തൃ സൗഹൃദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെത്തുടര്‍ന്ന്, ചില സേവന കേന്ദ്രങ്ങള്‍ അടക്കേണ്ടി വന്നെങ്കിലും സ്മാര്‍ട്ട് സേവനങ്ങള്‍ തടസ്സമില്ലാതെ ഉപഭോക്താക്കളെ വളരെയധികം സഹായിച്ചതായി ,” അല്‍ ബദര്‍ പറഞ്ഞു.