നാട് ഒരുമിക്കുന്നു; ബിരിയാണി ചലഞ്ച് ഇന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് രണ്ട് വര്‍ഷത്തിലധികമായി ചികിത്സയില്‍ കഴിയുന്ന ചൊക്ലി ഈസ്റ്റ് പള്ളൂരിലെ 14 വയസ്സുള്ള നഫീസ നഷ്വയുടെ ചികിത്സ ധന സഹായ ശേഖരണാര്‍ഥം ഈസ്റ്റ് പള്ളൂര്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഇന്ന് നടക്കും.
ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചപ്പോള്‍ 7,000ത്തിലധികം ഓര്‍ഡറുകളാണ് സംഘാടകരെ തേടിയെത്തിയത്. ബിരിയാണി ചലഞ്ചുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ പ്രായഭേദമന്യേ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാഴ്ച ഒരു നാടിന്റെ മനുഷ്യ സ്നേഹത്തിന്റെ നിറമുള്ള ചിത്രങ്ങളായി.
വിദേശത്ത് നിന്നും വരുത്തുന്ന കീമോ ഇന്‍ജക്ഷനുകളും ബോണ്‍മാരോ ട്രാന്‍സ്പ്ലാനറ്റേഷനും കൂടിയുള്ള ചികിത്സക്ക് 80 ലക്ഷം രൂപയിലധികം വേണ്ടി വരുമെന്നാണ് പറയുന്നത്. ഇതിനോടകം ലക്ഷങ്ങള്‍ ചെലവായ ചികിത്സ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുമനസ്സുകളുടെ സഹായത്തോടെ ധനശേഖരണം നടത്തിവരുന്നത്. ഈ സംരംഭത്തിന്റെ പിന്നില്‍ ഖത്തറില്‍ നിന്നുള്ള പ്രവാസികളുമുണ്ട് എന്നത് ഖത്തര്‍ മലയാളികള്‍ക്ക് സന്തോഷമുള്ള കാര്യമാണ് .