പുതിയ തൊഴില്‍ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സേവനവുമായി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: പുതിയ ലേബര്‍ റിക്രൂട്ട്മെന്റ് അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ ചെയ്യാന്‍ അനുവദിക്കുന്ന ഫാസ്റ്റ് ട്രാക്ക് സേവനവുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്.
പുതിയ സംവിധാനമനുസരിച്ച് , നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികള്‍ക്ക് വിസ അനുമതി നേടാനാകുമെന്ന് മന്ത്രാലയം ട്വിറ്റ് ചെയ്തു.
ഖത്തര്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ പുതിയ സേവനം പ്രയോജനപ്പെടുത്താനാകൂ. വേജ് പ്രൊട്ടക് ഷന്‍ സംവിധാനത്തിലൂടെ തൊഴിലാളികളുടെ വേതനം സ്ഥിരമായി ബാങ്ക് വഴി നല്‍കുകയും എല്ലാ തൊഴിലാളികള്‍ക്കും നിയമമനുശാസിക്കുന്ന സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് അപേക്ഷ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ മേഖലയിലെ സ്മാര്‍ട്ട് ഇലക്ട്രോണിക് സേവനങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വിശദീകരിച്ചു.