മീഡിയ വണ്ണിനെതിരായ നടപടി അപരിഷ്‌കൃതമെന്ന് ഖത്തര്‍ സോഷ്യല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ മാധ്യമങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ്. ഒരു ജനാധിപത്യ മതേതര രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതെന്നും സോഷ്യല്‍ ഫോറം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് പത്ര കുറിപ്പില്‍ വ്യക്തമാക്കി.
സര്‍ക്കാറുകളുടെ താല്പര്യങ്ങള്‍ക്കൊത്ത് നില്‍ക്കാന്‍ തയ്യാറല്ലാത്ത മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ട് സംപ്രേഷണവും പ്രസിദ്ധീകരണവും തടയുന്നത് ശുഭകരമല്ല. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായേക്കാം. സ്വാഭാവികമായും ഭരണകൂടത്തെ പ്രീണിപ്പിക്കുന്ന മാധ്യമ നിരയെ വളര്‍ത്തിയെടുക്കുക എന്ന ഗൂഢ ലക്ഷ്യം ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു.
ഏകപക്ഷീയമായ ഇത്തരം നടപടികള്‍ക്കെതിരെ ഒന്നിച്ചു നിന്ന് പ്രതിഷേധിച്ചില്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും
സോഷ്യല്‍ ഫോറം ആഹ്വാനം ചെയ്തു.