IM Special

സുഹൈന ഇഖ്ബാല്‍, ഖത്തറിലെ കുടുംബ സദസ്സുകളിലെ ഗായിക

അമാനുല്ല വടക്കാങ്ങര

ഖത്തറിലെ കുടുംബ സദസ്സുകളിലെ പ്രിയപ്പെട്ട ഗായികയാണ് സുഹൈന ഇഖ്ബാല്‍. ഖത്തറില്‍ ജനിച്ചുവളര്‍ന്ന സുഹൈന ചെറുതും വലുതുമായ നിരവധി സ്റ്റേജുകളില്‍ ഇതിനകം പാടിയിട്ടുണ്ട്. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഇഖ്ബാല്‍ ചേറ്റുവയുടെ മകള്‍ എന്ന നിലക്ക് കുട്ടിക്കാലം മുതലേ എല്ലാ കലാ സാംസ്‌കാരിക വേദികളിലും പിതാവിനൊപ്പം പങ്കെടുക്കാറുണ്ടായിരുന്നു. 4 വയസുള്ളപ്പോഴാണ് ആദ്യമായൊരു വേദിയില്‍ പാടിയത്. പിന്നീട് അതൊരാവേശമായി. ഏത് ചടങ്ങിലും പാടാനുള്ള ആവേശം. ഖത്തറിലെ ഒട്ടുമിക്ക കലാകാരന്മാരും സംഘാടകരും പിതാവിന്റെ സുഹൃത്തുക്കളായതിനാല്‍ അവസരങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വരികയും വളരെ പെട്ടെന്ന് തന്നെ സുഹൈന ഒരു നല്ല ഗായികയായി വളരുകയും ചെയ്തു.

മാപ്പിളപ്പാട്ടും ഒപ്പനയും ലളിതഗാനവുമൊക്കെയായിരുന്നു സുഹൈനയുടെ ഇനങ്ങള്‍. നഴ്‌സറി മുതല്‍ ഒമ്പതാം ക്‌ളാസ് വരെ ശാന്തിനികേതന്‍ സ്‌ക്കൂളിലാണ് പഠിച്ചത്. സ്‌കൂളില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൊച്ചുമിടുക്കി ഖത്തറിലെ പ്രഥമ ഇന്റര്‍സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഖത്തറിലെ വിവിധ വേദികളില്‍ സജീവമായിവരുന്നതിനടക്കാണ് ചില സാങ്കേതിക കാരണങ്ങളാല്‍ പഠനം നാട്ടിലേക്ക് മാറ്റേണ്ടി വന്നത്. കൊടുങ്ങല്ലൂര്‍ ലെമര്‍ പബ്‌ളിക് സ്‌കൂളിലാണ് സുഹൈന പഠനം തുടര്‍ന്നത്. പ്രവാസ ലോകത്തുനിന്നുമെത്തിയ ഈ ഗായികക്ക് വലിയ സ്വീകാര്യതയാണ് അവിടെ ലഭിച്ചത്. ജില്ലാ കലോല്‍സവങ്ങളിലും സംസ്ഥാന കലോല്‍സവത്തിലുമൊക്കെ മിന്നുന്ന പ്രകടനങ്ങളിലൂടെ സുഹൈന എല്ലാവരുടേയും മനം കവര്‍ന്നു.
ഒപ്പനക്ക് മൂന്ന് കൊല്ലയും തുടടര്‍ച്ചയായി കിരീടം ചൂടിയ സുഹൈന ദേശ ഭക്തി ഗാനം, മാപ്പിളപ്പാട്ട്, ലളിത ഗാനം എന്നിവയില്‍ എ ഗ്രേഡോടെ മികവ് തെളിയിച്ചു.

സ്‌കൂളില്‍ രണ്ടാം ഭാഷയായി മലയാളം തെരഞ്ഞെടുത്തതും വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കുന്നത് പതിവാക്കിയതും കവിത രചനയില്‍ പരീക്ഷണം നടത്താനും ഈ കലാകാരിയെ സഹായിച്ചു.

സംഗീതം പഠിച്ചിട്ടില്ലാത്ത സുഹൈന നിരന്തരമായി കേട്ടാണ് പാട്ടുകള്‍ പഠിക്കുന്നത്. വീട്ടിലെ കലാ അന്തരീക്ഷവും പ്രോല്‍സാഹനങ്ങളും ഒരു ഗായികയെ സൃഷ്ടിക്കുകയായിരുന്നു. മാതാവും പിതാവും സഹോദരങ്ങളുമൊക്കെ അത്യാവശ്യം പാടുമെന്നതും പിതാവ് സജീവമായ കലാകാരനാണെന്നതും സുഹൈനയുടെ വളര്‍ച്ചക്ക് പരിസരമൊരുക്കി. എല്ലാവരുമായും സഹകരിക്കുന്ന ഒരു കലാകാരന്റെ മകളെന്ന നിലക്ക് വളരെ പെട്ടെന്നാണ് ഖത്തറിലെ വേദികളില്‍ സുഹൈന അംഗീകാരം നേടിയത്.

ഗസലുകളും ഖവാലികളുമൊക്കെ സ്വന്തമായി പഠിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ ധൈര്യം കാണിച്ച ഈ കൊച്ചുകലാകാരിയുടെ ഗസല്‍ പരിപാടിക്ക് ക്യൂമലയാളം പോലുള്ള പല കൂട്ടായ്മകളും വേദിയൊരുക്കിയിട്ടുണ്ട്.

മലയാളത്തിന് പുറമേ ഹിന്ദി, തമിഴ് ഭാഷകളിലും പാടുന്ന ഈ കലാകാരിക്ക് എല്ലാതരം പാട്ടുകളും വഴങ്ങുമെങ്കിലും മെലഡികളോടാണ് കൂടുതല്‍ ആഭിമുഖ്യം. ശ്രയാ ഷോഷലാണ് ഏറ്റവും പ്രിയപ്പെട്ട ഗായിക.

മാപ്പിളപ്പാട്ട് സുല്‍ത്താന്‍ കണ്ണൂര്‍ ഷരീഫ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, ഡോ. കെ.ജെ.യേശുദാസ് തുടങ്ങിയവരുടെ പാട്ടുകളൊക്കൈ ഇഷ്ടപ്പെടുന്ന സുഹാന നല്ല ഒരു കലാസ്വാദകയാണ് .
ചാലക്കുടി നിര്‍മല കോളേജിലെ ബി,കോം അവസാന വര്‍ഷ വിദ്യാര്‍ഥിനായായ സൂഹൈന പഠനത്തോടൊപ്പം പാട്ടും കൊണ്ടുപോകണമെന്ന അഭിപ്രായക്കാരിയാണ്.

അസഫലി സാമ്പ്രിയക്കലിന്റെ രചനയില്‍ ബാഷോയ് അനിയന്‍ അണിയിച്ചൊരുക്കിയ നീ ഇന്നും വന്നില്ലന്നോ എന്ന സംഗീത ആല്‍ബത്തിനായി സുഹൈന പാടിയ ക്വാറന്റൈന്‍ വിരഹ ഗാനം കോവിഡ് കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ പാടാനുളള അവസരവും ഒത്തുവന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോവുകയായിരുന്നു.

പത്തിലും പന്ത്രണ്ടിലുമൊക്കെ എല്ലാ വിഷയങ്ങളിലും എ പ്‌ളസ് നേടിയ ഈ ഗായിക ഡിഗ്രിയോടൊപ്പം എ.സി.സി. എ കോഴ്‌സും ചെയ്യുന്നുണ്ട്. പാട്ടുകളെ പ്പോലെ തന്നെ കണക്കുകളുടെ ലോകവും പ്രിയപ്പെട്ടതാണ് . പഠനം പൂര്‍ത്തിയാക്കി എക്കൗണ്ട്‌സ് മേഖലയെ പ്രൊഫഷണായും പാട്ടിനെ പാഷനായും കൊണ്ടുപോകാനാണ് സുഹൈനക്ക് ഇഷ്ടം.


കലരംഗത്ത് തന്റെ റോള്‍ മോഡല്‍ പിതാവ് തന്നെയാണ്. മാതാവ് ഷംഷീജയും സഹോദരന്മാരായ സുഹൈലും സുഹൈമും നല്‍കുന്ന പിന്തുണയും ചെറുതല്ല. ഖത്തറിലെ സഹൃദയ സദസുകളും കുടുംബ വേദികളും നല്‍കിയ പ്രോല്‍സാഹനവും പിന്തുണയും എന്നും നന്ദിയോടെ മാത്രമേ അനുസ്മരിക്കാനാകൂ.

Related Articles

Back to top button
error: Content is protected !!