IM Special

കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ 5

ബുര്‍ജ് ഖലീഫ എന്ന വിസ്മയം

ഡോ. അമാനുല്ല വടക്കാങ്ങര

മികച്ച സ്വപ്‌നങ്ങള്‍ കാണുക, ആ സ്വപ്‌നങ്ങളെ വിടാതെ പിന്തുടരുക. പ്രതിജ്ഞാബദ്ധമായി നിലകൊള്ളുക എങ്കില്‍ സ്വപ്‌നം പൂവണിയുക തന്നെ ചെയ്യുമെന്നാണ് അറബ് ലോകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ ഓര്‍മപ്പെടുത്തുന്നത്. അസാധ്യമായി ഒന്നുമില്ലെന്ന് പറയാറില്ലേ. There are many things that seem impossible only so long as one does not attempt them.’അസാധ്യമെന്ന് തോന്നുന്ന പലതും ആരെങ്കിലും ശ്രമിക്കുന്നതുവരെ മാത്രം നിലനില്‍ക്കുന്നതാണെന്നാണ് പറയുക. ബുര്‍ജ് ഖലീഫയുടെ നിര്‍മാണ വെല്ലുവിളികളെ അതിജീവിച്ചത് ഇക്കാര്യം അടിവരയിടുന്നതാണ്. അതിനാല്‍ ബുര്‍ജ് ഖലീഫ ഒരു പ്രചോദനമാണ്. ആവേശമാണ്. ദൃഡനിശ്ചയവും പ്രായോഗികകാഴ്ചപ്പാടുകളും സമ്മാനിക്കുന്ന വിജയത്തിന്റെ പ്രതീകമാണ്.

ദുബൈയുടെ വിസ്മയ കാഴ്ചകളില്‍ സുപ്രധാനമായ ഒന്നാണ് ബുര്‍ജ് ഖലീഫ. അത്ഭുതങ്ങളുടെ ആകാശഗോപുരമെന്നാണ് ബുര്‍ജ് ഖലീഫയെ വിശേഷിപ്പിക്കാറുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവര്‍, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്‌സര്‍വേഷന്‍ ഡെക്ക് (124 മത്തെ നിലയില്‍), ഏറ്റവും ഉയരമേറിയ അംബരചുംബികളില്‍ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകളും ഉള്‍പ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റില്‍ 18 മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ലിഫ്റ്റുകള്‍, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തില്‍ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയില്‍ സ്വിമ്മിംഗ് പൂള്‍ ഉള്ള ഏക കെട്ടിടം തുടങ്ങി ബുര്‍ജ് ഖലീഫയുടെ പേരില്‍ നിലവിലുള്ള റിക്കോര്‍ഡുകള്‍ ഒട്ടനവധിയാണ്. 2010 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത ഈ എഞ്ചിനീയറീംഗ് അത്ഭുതം കാണാന്‍ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിത്യവും പതിനായിരക്കണക്കിനാളുകളാണ് എത്തുന്നത്. ഓരോ മാസവും ലക്ഷക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റ് ആകര്‍ഷണമായി ബുര്‍ജ് ഖലീഫ മാറിയിരിക്കുന്നു.

ഈയടുത്ത് പുറത്തുവന്ന ചില കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കാണാനായി ആഗ്രഹിക്കുന്ന സ്ഥലം ബുര്‍ജ് ഖലീഫയാണ്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഡംബര യാത്രാ കമ്പനിയായ കുയോനി’ തയാറാക്കിയ റാങ്കിങ്ങിലാണ് ലോകത്തെ മോഹിപ്പിക്കുന്ന വിസ്മയമായി ബുര്‍ജ് ഖലീഫ ഒന്നാം സഥാനത്തെത്തിയത്. ലോകത്തെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട വിസ്മയം ബുര്‍ജ് ഖലീഫയായിരുന്നുവെന്നാണ് കണക്ക് ഇത് ആകെ യാത്രാലക്ഷ്യങ്ങള്‍ തേടി നടന്ന സെര്‍ച്ചുകളുടെ 37.5 ശതമാനമാണ്. ഇന്ത്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്തോനേനേഷ്യ, ഫിജി, തുര്‍ക്‌മെനിസ്താന്‍ എന്നിവിടങ്ങളിലെല്ലാം ബുര്‍ജാണ് മുന്നിട്ടുനില്‍ക്കുന്നത്.

നേരത്തേ ഇന്ത്യയുടെ താജ്മഹലായിരുന്നു സഞ്ചാരികളെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച നിര്‍മിതി. പുതിയ പഠനത്തില്‍ ഇത് നാലാം സ്ഥാനത്താണുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് പാരിസിലെ ഈഫല്‍ ടവറും മൂന്നാമത് പെറുവിലെ മാച്ചുപിച്ചുവുമാണ്. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് ഈഫല്‍ ടവറാണ്. സ്‌പെയിന്‍, ചിലി, മെക്‌സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാര്‍ കൂടുതതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രിട്ടനിലെ ബിഗ് ബെന്‍, ഇറ്റലിയിലെ പോംപി, സ്‌പെയിനിലെ അല്‍ഹംബ്ര, ഫ്രാന്‍സിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്‌റ്റോണ്‍ഹെങെ, ജോര്‍ഡനിലെ പെട്ര, ചൈനയുടെ വന്‍ മതില്‍ എന്നിവയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബൈയുടെ പ്രൗഡിയുമായ ബുര്‍ജ് ഖലീഫ കെട്ടിപ്പൊക്കാന്‍ അനേകായിരം മലയാളികള്‍ വിയര്‍പ്പൊഴുക്കിയിരുന്നു.തൊഴിലാളികള്‍ മുതല്‍ പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജോര്‍ജ് ജോസഫ് വരെ. ഇവരില്‍ നിന്ന്, ബുര്‍ജ് ഖലീഫയില്‍ ആലേഖനം ചെയ്ത പീപ്പിള്‍ ബിഹൈന്‍ഡ് ബുര്‍ജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേര്‍ന്ന 25 പേരില്‍ ഒരൊറ്റ മലയാളി മാത്രമായിരുന്നു ഉണ്ടായിരുന്നത്; പത്തനംതിട്ട സ്വദേശിയായ കുരുമ്പിലേത്ത് ജോണ്‍ നൈനാന്‍. നിര്‍മാണഘട്ടമായ ആറു വര്‍ഷവും അദ്ദേഹം പദ്ധതിയുടെ ഇലക്ട്രിക് സൂപ്പര്‍വൈസറായിരുന്നു.

ദുബൈയില്‍ വിമാനമിറങ്ങുമ്പോള്‍ തന്നെ ബുര്‍ജ് ഖലീഫ കാണാനാകും. അന്തരീക്ഷം പ്രസന്നമാണെങ്കില്‍ ഏകദേശം 95 കിലോമീറ്റര്‍ ദൂരെ നിന്നുവരെ ഈ ടവര്‍ കാണാനാവുമെന്നാണ് പറയപ്പെടുന്നത്. 2004 ന് ആരംഭിച്ച നിര്‍മാണം 2008 ലെ സാമ്പത്തിക മാന്ദ്യം പോലും മറി കടന്ന് റിക്കോര്‍ഡ് വേഗതയില്‍ 2010 ല്‍ പൂര്‍ത്തീകരിച്ചാണ് ദുബൈ ലോകത്തിന്റെ നറുകയില്‍ സ്ഥാനം പിടിച്ചത്. പന്ത്രണ്ടായിരം തൊഴിലാളികളാണ് ഈ ടവറിന്റെ നിര്‍മാണത്തില്‍ പങ്കെടുത്തത്. ഫ്‌ളാറ്റുകളും 9 ഹോട്ടലുമടക്കം നിരവധി സൗകര്യങ്ങളാണ് ബുര്‍ജ് ഖലീഫയിലുള്ളത്. പല മലയാളി പ്രമുഖര്‍ക്കും ബുര്‍ജ് ഖലീഫയില്‍ ഫ്‌ളാറ്റുകളുണ്ട്.

ദുബൈയിലെ പ്രധാന ഗതാഗത പാതയായ ശൈഖ് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റന്‍ എടുപ്പിന്റെ ശില്‍പി അഡ്രിയാന്‍ സ്മിത്ത് ആയിരുന്നു. സാംസങ്ങ്, ബേസിക്‌സ്, അറബ്‌ടെക് എന്നീ കമ്പനികളായിരുന്നു പ്രധാന നിര്‍മ്മാണ കരാറുകാര്‍. ടര്‍ണര്‍ എന്ന കമ്പനിയാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത്. നിര്‍മാണവേളയിലെ റിവോള്‍വിങ് ഡോര്‍ ടെക്നീഷ്യനായിരുന്ന വില്‍സണ്‍ ജോസും മലയാളികള്‍ക്ക് അഭിമാനമാണ് .

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കിഡ്‌മോര്‍, ഓവിങ്‌സ് ആന്റ് മെറില്‍ എന്ന സ്ഥാപനമാണ് ഈ സൗധത്തിന്റെ എഞ്ചിനീയറിംഗും ആര്‍ക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബില്‍ ബേക്കര്‍ എന്ന ചീഫ് സ്ട്രക്ച്വറല്‍ എഞ്ചിനീയറും, അഡ്രിയന്‍ സ്മിത്ത് എന്ന ചീഫ് ആര്‍ക്കിടെക്റ്റും ചേര്‍ന്നാണ് ഇതിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങ് ഇ&ഠ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രധാന കോണ്‍ട്രാക്റ്റര്‍. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്‌പേയ് 101, മലേഷ്യയിലെ ട്വിന്‍ ടവറുകള്‍ എന്നിവ നിര്‍മ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം സാംസങ്ങ്, ബേസിക്‌സ്, അറബ്‌ടെക് തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഹൈദര്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് നിര്‍മ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പര്‍വൈസറായി നിയോഗിക്കപ്പെട്ടത്.

വിക്കിപീഡിയയുടെ വിവരണമനുസരിച്ച് , 2004 ജനുവരി മാസത്തിലാണ് ബുര്‍ജ് ഖലീഫയുടെ ഫൌണ്ടേഷന്‍ ജോലികള്‍ ആരംഭിച്ചത്. ഫൌണ്ടേഷന്‍ നിര്‍മ്മാണത്തിനായി മാത്രം എട്ടുമാസങ്ങള്‍ വേണ്ടിവന്നു. 2004 സെപ്റ്റംബര്‍ മാസത്തില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി. റാഫ്റ്റ് (ചങ്ങാടം) ഫൌണ്ടേഷന്‍ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേല്‍ മണ്ണ് അന്‍പതോ അറുപതോ മീറ്റര്‍ ആഴത്തില്‍ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോണ്‍ക്രീറ്റ് പൈലുകള്‍ ഇറക്കുന്നു. സിലിണ്ടര്‍ ആകൃതിയിലുള്ള കുഴികള്‍ കുഴിച്ച് അതില്‍ കോണ്‍ക്രീറ്റും കമ്പിയും ചേര്‍ത്ത് തൂണുകള്‍ വാര്‍ത്താണ് പൈലുകള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുര്‍ജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റര്‍ വ്യാസവും 47 മീറ്റര്‍ നീളവുമുള്ള ഈ പൈലുകള്‍ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകള്‍ക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോണ്‍ക്രീറ്റ് റീഇന്‍ഫോഴ്‌സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടണ്‍. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോണ്‍ക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയര്‍ത്തിയിരിക്കുന്നത്. റാഫ്റ്റ് രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിര്‍ത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും, 55,000 ടണ്‍ സ്റ്റീല്‍ കമ്പിയും ഉപയോഗിച്ചു.

2005 മാര്‍ച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാന്‍ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയില്‍ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നല്‍കുന്നത്. മരുഭൂമിയില്‍ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയില്‍നിന്നാണ് ഇതിന്റെ ആശയം ഉള്‍ക്കൊണ്ടിട്ടുള്ളത്.

കെട്ടിടത്തിന്റെ മധ്യഭാഗം ഫൌണ്ടേഷന്‍ മുതല്‍ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമന്‍ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയില്‍ ആണ് കെട്ടിടത്തിന്റെ മറ്റു നിലകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. മുകളില്‍ നിന്ന് താഴേക്ക് വരുന്തോറും ചില പ്രത്യേക ഉയരങ്ങളില്‍ വച്ച് നന്നാല് അടുക്കുകളില്‍ ഏറ്റവും പുറമേ ഉള്ളതിന്റെ ഉയരം വിപരീത-ഘടികാരദിശയില്‍ തിരിയുന്ന ഒരു സ്‌പൈറല്‍ രീതിയില്‍ കുറഞ്ഞുകുറഞ്ഞു വരുന്നു. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളില്‍ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടുത്തുവാന്‍ ഈ ഡിസൈന്‍ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകും തോറും ഓഫീസുകള്‍, സ്യൂട്ടുകള്‍ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളില്‍ നിന്ന് സപ്പോര്‍ട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിര്‍ത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്.

കെട്ടിടം മുകളിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികള്‍ ആരംഭിച്ചിരുന്നു. 2006 മാര്‍ച്ച് മാസം ആയപ്പോഴേക്കും 50 നിലകള്‍ പിന്നിട്ടു. 2007 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്‌സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുര്‍ജ് ഖലീഫ. 2007 സെപ്റ്റംബര്‍ ആയപ്പോഴേക്കും 150 നിലകളും പൂര്‍ത്തീകരിച്ചു. ഒരാഴ്ചയില്‍ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം അപ്പോള്‍ പുരോഗമിച്ചുകൊണ്ടിരുന്നത്

156 നില വരെ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറല്‍ സ്റ്റീലില്‍ ആണു നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്‌പൈര്‍ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീല്‍ സ്ട്രക്ചറാണ്. ഇതില്‍ 46 സര്‍വീസ് ലെവലുകള്‍ ഉണ്ട് – ഇവ ആള്‍താമസത്തിനായി ഉദ്ദേശിച്ചുള്ളവയല്ല.

ഈ കെട്ടിടത്തിന്റെ പുറംചട്ട (facade) 1,528,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ്. അലുമിനം, സ്റ്റീല്‍, ഗ്ലാസ് എന്നിവയാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തില്‍ കേടുപാടുകള്‍ കൂടാതെ വര്‍ഷങ്ങളോളം പിടിച്ചു നില്‍ക്കുവാന്‍ ശേഷിയുള്ള പൌഡര്‍ കോട്ടിംഗുകള്‍ ഈ ഫ്രെയിമുകളില്‍ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം : 6.4 മീറ്റര്‍ ഉയരം, 1.2 മീറ്റര്‍ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകള്‍ എല്ലാം കൂടി നിരത്തിവച്ചാല്‍ 14 ഫുഡ്‌ബോള്‍ ഗ്രൗണ്ടുകള്‍ മറയ്ക്കാന്‍ മതിയാമെന്നു കണക്കാക്കപ്പെടുന്നു. ഇവകൂടാതെ രണ്ടായിരത്തോളം ചെറു ഗ്ലാസ് പാനലുകള്‍ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയില്‍നിന്നെത്തിയ മുന്നൂറോളം വിദഗ്ദ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളില്‍ ഉറപ്പിച്ചത്.

മുകളിലേക്ക് ഉയര്‍ന്നു പോകുന്ന ഒരു വിര്‍ച്വല്‍ സിറ്റി തന്നെയായാണ് ബുര്‍ജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ലക്ഷ്വറി റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഓഫീസുകള്‍, റിക്രിയേഷന്‍ സൌകര്യങ്ങള്‍, തുടങ്ങി ഒരു ആധുനിക നഗരത്തില്‍ വേണ്ടതെല്ലാം ഈ പടുകൂറ്റന്‍ സൌധത്തിനുള്ളില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയന്‍ ഹോട്ടല്‍ ഗ്രൂപ്പായ അര്‍മ്മാനി ആണ് ബുര്‍ജ് ഖലീഫയിലെ 5 സ്റ്റാര്‍ ഹോട്ടല്‍ നടത്തുന്നത്. സൌധത്തിന്റെ കോണ്‍കോഴ്‌സ് മുതല്‍ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേര്‍തിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതല്‍ 16 വരെ നിലകളില്‍ അര്‍മാനി റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫര്‍ണിഷ്ഡ് ഫ്‌ളാറ്റ് സേവനമാണ്.

19 മുതല്‍ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്‌ളാറ്റുകളാണ്. സ്റ്റുഡിയോ ഫ്‌ളാറ്റുകള്‍ മുതല്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്‌ളാറ്റുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. 43, 76, 123 എന്നീ നിലകളില്‍ ഓരോ സ്‌കൈ ലോബികള്‍ സജീകരിച്ചിരിക്കുന്നു. ഓരോ സ്‌കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇന്‍ഡോര്‍ / ഔട്ട് ഡോര്‍ സ്വിമ്മിംഗ് പൂളുകള്‍, മീറ്റിംഗ് / റിക്രിയേഷന്‍ ഹാളുകള്‍, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റര്‍, മീറ്റിംഗ് പോയിന്റുകള്‍ എന്നിവയെല്ലാം ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു.

58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്‌ളോര്‍ മുതല്‍ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകള്‍ സ്‌കൈലോബികള്‍ക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്‌ളോറുകളിലേക്ക് പോകേണ്ടവര്‍ സ്‌കൈലോബിയില്‍ നിന്ന് മറ്റൊരു ലോക്കല്‍ ലിഫ്റ്റിലേക്ക് മാറിക്കയറണം. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്‌ളോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റില്‍ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്‌ക്രീന്‍ പാഡില്‍ വിവരം നല്‍കണം എന്നതാണ്. ഈ ടച്ച് സ്‌ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വിവിധ നിലകളില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങള്‍ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തില്‍ വിവിധ ഫ്‌ളോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

പ്രധാന സര്‍വ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റര്‍ ഉയരം വരെ പോകാന്‍ തക്കവിധം നിര്‍മ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിള്‍ ഡക്കര്‍ കാബുകളാണ് – ഓരോന്നിലും 14 യാത്രക്കാര്‍ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റില്‍ 10മീറ്റര്‍ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുര്‍ജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സൗധത്തിന്റെ പുറംചട്ടയില്‍ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകള്‍ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുര്‍ജ് ഖലീഫയുടെ പുറംചട്ടയില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 40, 73, 109 എന്നി നിലകളില്‍ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയില്‍ ഒന്നരടണ്‍ ഭാരം വരുന്ന ഓരോ ബക്കറ്റ് മെഷീനുകള്‍ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകള്‍ ജനാലകള്‍ക്കുമുമ്പില്‍ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകള്‍ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാര്‍, കേബിളുകളില്‍ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളില്‍ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്‌പൈര്‍ കുഴല്‍ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

അറ്റ് ദി ടോപ് ഓഫ് ബുര്‍ജ് ഖലീഫ

”അറ്റ് ദി ടോപ്” എന്ന വിഹഗവീക്ഷണതലം നിര്‍മ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങള്‍ക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളില്‍ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമാണ്. ആധുനിക ബൈനോക്കുലര്‍ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകള്‍ കാണാം.

ഇറിഗേഷന്‍ സിസ്റ്റം

പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷന്‍ സിസ്റ്റമാണ് ബുര്‍ജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന പുല്‍ത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാന്‍ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാനാവാത്തതിനാല്‍ റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. ഈ കെട്ടിടത്തിലെ എയര്‍കണ്ടീഷനിംഗ് സിസ്റ്റത്തില്‍ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകള്‍ കെട്ടിടത്തിന്റെ അടിയില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാന്‍ വേണ്ട എയര്‍ കണ്ടീഷനറില്‍ നിന്ന് ലഭിക്കുന്ന വെള്ളം പ്രതിവര്‍ഷം 56 ദശലക്ഷം ലിറ്റര്‍ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എഞ്ചിനീയറിംഗ് വെല്ലുവിളികള്‍

മിക്കവാറും എല്ലാ വലിയ ഡെവലപ്‌മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികള്‍ ഈ സൌധത്തിന്റെ നിര്‍മ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പു ചെയ്യുക,സ്‌പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളില്‍ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മര്‍ദ്ദവും താങ്ങാനാവുന്ന ഒരു കോണ്‍ക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിര്‍ത്തിക്കൊണ്ട് നിര്‍മ്മാണവേളയില്‍ കോണ്‍ക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നില്‍ക്കാനാവുന്ന ഡിസൈന്‍ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകള്‍ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവില്‍ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികള്‍ അസംഖ്യമായിരുന്നു. ഈ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിര്‍മ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോ എഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകള്‍ക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്‌നോളജികള്‍ ആവിഷ്‌കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .

ലോകാടിസ്ഥാനത്തില്‍ തന്നെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമ്മാര്‍ പ്രോപ്പര്‍ട്ടീസിന്റെ അഭിമാന പദ്ധതിയായ ഡൗണ്‍ ടൗണ്‍ ബുര്‍ജ് ദുബൈ പദ്ധതിയുടെ ഭാഗമാണ് ബുര്‍ജ് ഖലീഫ. 1.5 ബില്യണ്‍ ഡോളറാണ് ഈ ടവറിന്റെ നിര്‍മാണ ചിലവ്.

ബുര്‍ജ് ഖലീഫയുടെ രണ്ട് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലായി നിര്‍മിച്ച മുപ്പതിനായിരത്തോളം റസിഡന്‍ഷ്യല്‍ യൂണിറ്റ് ബില്‍ഡിംഗുകള്‍, ഓഫീസ് സമുച്ഛയങ്ങള്‍, ദുബൈ മാള്‍, ദുബൈ തടകം, ദുബൈ ഫൗണ്ടന്‍, ഓള്‍ഡ് ടൗണ്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന വിശാലമായ പദ്ധതിയാണ് ഡൗണ്‍ ടൗണ്‍ ദുബൈ ബുര്‍ജ് ദുബൈ പദ്ധതി.

ദുബൈ ഫൗണ്ടന്‍

250 മീറ്റര്‍ നീളമുള്ള ദുബൈ ഫൗണ്ടന്‍ ഈ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ഫൗണ്ടനാണെന്നാണ് പറയപ്പെടുന്നത്. വൈകുന്നേരം 7 മണി മുതല്‍ 11 മണിവരെ നിത്യവും വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് നൃത്തം വൈക്കുന്ന ഈ ജലധാര പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു. ( തുടരും)

Related Articles

Back to top button
error: Content is protected !!