തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഇരുപത്തഞ്ചാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറില്‍ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായ ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനു മായി സഹകരിച്ച് സംഘടിപ്പിച്ച ഇരുപത്തഞ്ചാമത് രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവിലും ശ്രദ്ധേയമായി
അറുനൂറിലധികം പേര്‍ രെജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 500 ദാതാക്കള്‍ പങ്കെടുക്കുകയും 400ഓളം അംഗങ്ങള്‍ രക്തം ദാനം ചെയ്യുകയും ചെയ്തു. കോവിഡ് എന്ന മഹാമാരിക്കിടയിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വേദി നടത്തുന്ന ആറാമത് രക്തദാന ക്യാമ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടന്ന പൊതു ചടങ്ങ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്്തു. സൗഹൃദ വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷനായിരുന്നു. ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്ററും വേദി സെക്രട്ടറിയുമായ വിഷ്ണു ജയറാം ദേവ് സ്വാഗതവും വേദി ട്രെഷറര്‍ പ്രമോദ് മൂന്നിനി നന്ദിയും പറഞ്ഞു.
വേദി ഉപദേശക സമിതി ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ഉപദേശക സമിതി അംഗങ്ങളായ കെ.എം.എസ് ഹമീദ്, മണികണ്ഠന്‍, നസീം റബീഹ് മാര്‍ക്കറ്റിങ് മാനേജര്‍ സങ്കേത്, രക്തദാന ക്യാമ്പ് സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ അഷറഫ്, ജബീഷ് എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നും രക്ത ദാനത്തിന്റെ മഹത്വത്തെ കുറിച്ചും സംസാരിച്ചു.
എച്ച്. എം.സി.ബ്‌ളഡ്് ഡൊണേഷന്‍ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഖാദര്‍ വേദിയുടെ രക്തദാന ക്യാമ്പുകള്‍ എന്നും വ്യത്യസ്തമാണെന്നും വേദിയുടെ ക്യാമ്പുകളുള്ള ദിവസം മറ്റൊരു ക്യാമ്പും ബ്ലഡ് യൂണിറ്റ് ഏറ്റെടുക്കാറില്ലെന്നും പറഞ്ഞത് വേദി സജീവ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനത്തോടുള്ള ആത്മാര്‍ത്ഥ പ്രതികരണമായിരുന്നു.
സെന്‍ട്രല്‍ കമ്മിറ്റി , സബ് കമ്മിറ്റി , സെക്ടര്‍ കമ്മിറ്റി തലങ്ങളിലുള്ള 50 വളണ്ടിയര്‍മാരാണ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്.