ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ആഡംബര ആതിഥ്യത്തിന്റെ നാല് പതിറ്റാണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആദ്യത്തെ അന്താരാഷ്ട്ര ഹോട്ടലായ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ആഡംബര ആതിഥ്യത്തിന്റെ നാല് പതിറ്റാണ്ട് പിന്നിടുന്നു. രാജ്യം പുരോഗതിയിലേക്ക് കുതിക്കാനൊരുങ്ങിയ സമയത്ത് നഗരത്തിന്റെ തിലകക്കുറിയായി മാറിയ ഷെറാട്ടണ്‍ സംസ്‌കാരത്തിന്റെ വഴിത്തിരിവായും ഭൂതവും വര്‍ത്തമാനവും ഭാവിയും സംഗമിക്കുന്ന ഇടവുമായി മാറുകയായിരുന്നു.
1982 ഫെബ്രുവരി 22-നാണ്് ഖത്തര്‍ കോര്‍ണിഷിലെ അലങ്കാരമായ ഈ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്.
ഉള്‍ക്കടലിന്റെ വടക്കേ അറ്റത്ത് 40 ഹെക്ടര്‍ ലാന്‍ഡ്ഫില്ലില്‍ സ്ഥാപിച്ച ഈ മനോഹര കെട്ടിടം വില്യം എല്‍. പെരേര അസോസിയേറ്റ്സിലെ അമേരിക്കന്‍ വാസ്തുശില്പിയായ സി.വൈ.ലീയാണ് രൂപ കല്‍പന ചെയ്തത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ എന്‍ജിനീയറിങ് സേവന വിഭാഗമാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
ഹോട്ടലില്‍ നിലവില്‍ 371 മുറികളും 64 സ്യൂട്ടുകളുമുണ്ട്. 2011-ല്‍ ഹോട്ടല്‍ പൂര്‍ണമമായ നവീകരണത്തിന് വിധേയമായി. രണ്ടുവര്‍ഷക്കാലം കൊണ്ടാണ് നവീകരണം പൂര്‍ത്തിയായത്.
ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നിരവധി അന്താരാഷ്ട്ര കരാറുകളുടെയും സിമ്പോസിയങ്ങളുടെയും വേദിയായി. ലോകമെമ്പാടുമുള്ള മിക്ക രാജാക്കന്മാരും രാജകുമാരന്മാരും പ്രസിഡന്റുമാരും സെലിബ്രിറ്റികളും താമസിക്കുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത ആഡംബര രാജകീയ സ്യൂട്ടുകളുടെ വീടായി ഈ മനോഹരമായ ഹോട്ടല്‍ ആധുനിക ഖത്തറിന്റെ ചരിത്രപാരമ്പര്യത്തോടൊപ്പം സഞ്ചരിക്കുകയാണ് .
പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ ലോകോത്തരങ്ങളായ നിരവധി ഹോട്ടല്‍ സമുച്ഛയങ്ങള്‍
ഉയര്‍ന്നുവന്നെങ്കിലും രാജകീയ സൗകര്യങ്ങളുടെ പറുദീസയായി ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്