ബൂസ്റ്റര്‍ ഡോസിനായി നാട്ടിലെ പ്രവാസികള്‍ നെട്ടോട്ടമോടുന്നു, സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളുണ്ടാവണമെന്ന ആവശ്യമുയരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്‌സിനെടുത്ത് 9 മാസം കഴിഞ്ഞ നിരവധി പ്രവാസികള്‍ ബൂസ്റ്റര്‍ ഡോസിനായി നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്. വാക്‌സിനെടുത്ത് 9 മാസം കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കണമെങ്കില്‍ ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന വ്യവസ്ഥ വന്നതോടെയാണ് ബൂസ്റ്റര്‍ ഡോസിനായി നെട്ടോട്ടമോടാന്‍ തുടങ്ങിയത്. എന്നാല്‍ നാട്ടിലെ നിലവിലെ സാഹചര്യത്തില്‍ 60 വയസ് പിന്നിട്ടിട്ടില്ലാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ലഭിക്കുക എളുപ്പമല്ല. ഈ രംഗത്ത് പ്രവാസി സംഘടനകളുടെ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളുണ്ടാവണമെന്ന ആവശ്യമുയരുന്നുണ്ട്.
ഫെബ്രുവരി 28 മുതലാണ് പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ച് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. വാക്‌സിനുകളുടെ കാലാവധിയും അതിനോടൊപ്പം പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഫൈസര്‍, മോഡേണ, അസ്ട്ര സനിക ( കോവി ഷീല്‍ഡ്്) ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളുടെ കാലാവധി പരമാവധി 9 മാസവും ഭാഗിഗമായി അംഗീകരിച്ച സിനോഫാം, സിനോവാക്, സ്പുട്‌നിക്, കോവാക്‌സിന്‍ എന്നിവയുടെ പരമാവധി സാധുത 6 മാസവുമാണ് . ഈ കാലം പിന്നിട്ടവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസെടുക്കണം . എന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതതാണ് പ്രവാസികളെ കുഴക്കുന്നത്.
വാക്‌സിനേഷന്‍ ആരംഭിച്ച സമയത്ത് പ്രവാസി സംഘടനകളുടെ സമയോചിതമായ ഇടപെടലുകള്‍ കാരണം പ്രത്യേകം വാക്‌സിനേഷന്‍ സൗകര്യമൊരുക്കാന്‍ കേരള ആരോഗ്യ വകുപ്പ് മുന്നോട്ടുവന്നിരുന്നു. അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിനും ഈ ഇടപെടലുകളുണ്ടാവണമെന്നാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്.