യുവ എഴുത്തുകാരി സമീഹ ജുനൈദിന് കള്‍ച്ചറല്‍ ഫോറത്തിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ: യുവ എഴുത്തുകാരിയും ഖത്തറില്‍ പ്രവാസിയുമായിരുന്ന സമീഹ ജുനൈദിനെ കള്‍ച്ചറല്‍ ഫോറം കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ചടങ്ങ് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ – അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു.
സമീഹയുടെ എഴുത്തുകള്‍ വലിയ പോസിറ്റീവ് എനര്‍ജി നല്കുന്നതാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ പഠിപ്പിക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഹാരിസ് കാരുമാത്ര അധ്യക്ഷത വഹിച്ച ചടങ്ങില്‍, കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സെക്രട്ടറി രമ്യ നമ്പിയത്ത് എഴുത്തുകാരിക്ക് മൊമെന്റോ നല്‍കി ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് നജിയ ഷാഹിര്‍ മണ്ഡലത്തിന്റെ പ്രത്യേക ഉപഹാരം നല്‍കി. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി അനീസ് റഹ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് കജന്‍ ജോണ്‍സണ്‍, അബ്ദുല്‍ അസീസ് കൂളിമുട്ടം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഹസീന ഇസ്മായില്‍ ഗാനം ആലപിച്ചു. സമീഹ ജുനൈദ് മറുപടി പ്രസംഗം നടത്തി.ഖത്തറിലെ നാട്ടുകാര്‍ നല്‍കുന്ന ആദരവിനും സ്‌നേഹത്തിനും പ്രത്യേക നന്ദി പറഞ്ഞു. മണ്ഡലം സെക്രട്ടറി നഫീദ് സി.എം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. തൃശൂര്‍ മാള സ്വദേശിയായ സമീഹ, ഖത്തര്‍ പ്രവാസിയായിരിക്കെ നാട്ടില്‍ നിര്യാതനായ ജുനൈദ് – അസൂറ ദമ്പതികളുടെ മകളാണ്. മാള ഹോളിഗ്രെസ് കോളേജില്‍ ബി ഫാം വിദ്യാര്‍ത്ഥിനിയാണ്. തന്റെ രണ്ടാമത്തെ പുസ്തകമായ ഇന്നര്‍ വോയ്‌സിന്റെ പ്രകാശനത്തിന് ശേഷമാണ് സമീഹ ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തുന്നത്.
ഫോട്ടോ:സമീഹ ജുനൈദിന് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി രമ്യ നമ്പിയത്ത് മൊമെന്റോ കൈമാറുന്നു.