2022 ഫിഫ ലോകകപ്പ് ഖത്തര്‍ രാജ്യത്തെ വ്യാപാര നിക്ഷേപ രംഗങ്ങളില്‍ വമ്പിച്ച പുരോഗതിക്ക് വഴിയൊരുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഫിഫ ലോകകപ്പ് ഖത്തര്‍ രാജ്യത്തെ വ്യാപാര നിക്ഷേപ രംഗങ്ങളില്‍ വമ്പിച്ച പുരോഗതിക്ക് വഴിയൊരുക്കുമെന്ന് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ഥാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ന്യയൂസ് ഏജന്‍സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വ്യാപാര നിക്ഷേപ രംഗങ്ങളില്‍ ലോക കപ്പ് സൃഷ്ടിക്കുന്ന അവസരങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഖത്തറിലെ ആകര്‍ഷകമായ നിയമനിര്‍മ്മാണ സംവിധാനങ്ങള്‍, നൂതന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള മുന്‍നിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ 2022 ലോക കപ്പിന് ശേഷവും ദേശീയ സമ്പദ്വ്യവസ്ഥ അതിന്റെ വളര്‍ച്ചയും വികാസവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ വളര്‍ച്ചാവേഗവും സാമ്പത്തിക സാഹചര്യങ്ങളും ആഗോള തലത്തില്‍ തന്നെ സംരംഭകരുടേയും നിക്ഷേപകരുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് .
ലോക കപ്പ് ഖത്തറിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കും.ആഗോള ഇവന്റ് നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും ഖത്തറിന്റെ സമ്പദ്വ്യവസ്ഥയെ അറിയാനും നിക്ഷേപ കാലാവസ്ഥകള്‍ പഠിക്കാനും ് അവസരമൊരുക്കും. ഇത് ഖത്തറി സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള പ്രമുഖ ആഗോള കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ പദവി വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ന് ശേഷം രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ പ്രേരകങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ടൂറിസം, വിജ്ഞാന സമ്പദ്വ്യവസ്ഥ, കൃഷി, വ്യവസായം, മറ്റ് പ്രധാന മേഖലകള്‍ എന്നിങ്ങനെ നിരവധി മേഖലകള്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര മേഖലയിലും വലിയ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്.