Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സോഷ്യല്‍ ഫോറം കായിക മാമാങ്കത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനം, ആസാദി കാ അമൃത് മഹോത്സവ് എന്നീ ഔദ്യോഗിക സംരംഭങ്ങളോട് ചേര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ച മുഹമ്മദ് സബീഹ് ബുഖാരി മെമ്മോറിയല്‍ കപ്പ് എഡിഷന്‍ വണ്‍ സോഷ്യല്‍ ഫോറം സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന് ഉജ്ജ്വല പരിസമാപ്തി. കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 11 വെള്ളിയാഴ്ച അബൂഹമൂറിലെ അല്‍ജസീറ അക്കാദമി ഗ്രൗണ്ടില്‍ സമാപിച്ചു.

ഫുട്‌ബോള്‍, വോളിബോള്‍, കബഡി, വടംവലി എന്നീ ഇനങ്ങളില്‍ ഖത്തറിലെ പ്രഗത്ഭരായ 50 ടീമുകള്‍ മത്സരിച്ചു. ഫുട്ബോളില്‍ സോഷ്യല്‍ ഫോറം കേരളത്തെ മലര്‍ത്തിയടിച്ച് സോഷ്യല്‍ ഫോറം കര്‍ണാടക കിരീടം സ്വന്തമാക്കി. വോളിബോള്‍ ടൂര്‍ണമെന്റില്‍ ടീം ഇവാഖിനെ പരാജയപ്പെടുത്തി വോളിഖ് ദോഹ കിരീടം ചൂടി. കബഡിയില്‍ ഹസനസ്‌കോ-എ ബ്ലാക്ക് കാറ്റ് മര്‍ഖിയ-എ ടീമിനെ പരാജയപ്പെടുത്തി ട്രോഫി നേടിയപ്പോള്‍ 16 ടീമുകള്‍ കളത്തിലിറങ്ങിയ വാശിയേറിയ വടംവലി മല്‍സരങ്ങളുടെ അവസാന പോരാട്ടത്തില്‍ ടീം തിരൂരിനെ പിന്തള്ളി സാക് ഖത്തര്‍ ട്രോഫിയില്‍ മുത്തമിട്ടു.

പരിപാടിയുടെ മുഖ്യ ആകര്‍ഷണമായ മാര്‍ച്ച് പാസ്റ്റില്‍ വക്ര റിബല്‍സ് ഒന്നാം സ്ഥാനവും റുമൈല ടീം രണ്ടാം സ്ഥാനവും നേടി. സ്‌പോട്ട് രെജിസ്‌ട്രേഷന്‍ ഇനങ്ങളായ പെനാല്‍റ്റി ഷൂട്ടൗട്ട്, ഷോര്‍ട്ട് പുട്ട് മത്സരങ്ങളും, കുട്ടികളുടെ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

സമാപന പരിപാടിയില്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം അതിഥികള്‍ നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സുമന്‍ സൊങ്കര്‍ മുഖ്യാതിഥിയായിരുന്നു. സോഫിയ ബുഖാരി, സൈമ സബീഹ് ബുഖാരി, ഡോ. സയ്യിദ് ജഫ്രി (പ്രസിഡന്റ് എഎംയു അലുംനി ഖത്തര്‍), അഫ്രോസ് അഹ്‌മദ് ദവാര്‍ (ചെയര്‍മാന്‍ ഐഎബിജെ) സജ്ജാദ് ആലം (പ്രസിഡന്റ് ഐഎബിജെ), ഫയാസ് അഹ്‌മദ് (പ്രസിഡന്റ് കെഎംസിഎ), ഡോ. സികെ അബ്ദുല്ല (പ്രസിഡന്റ് ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം), മഷ്ഹൂദ് തിരുത്തിയാട് (ജനറല്‍ കണ്‍വീനര്‍ പിസിസി ഖത്തര്‍), അബ്ദുല്ല മൊയ്‌നു (ഹിദായ ഫൗണ്ടേഷന്‍), അയ്യൂബ് ഉള്ളാള്‍ (പ്രസിഡന്റ് സോഷ്യല്‍ ഫോറം), സക്കീന റസാഖ് (വൈസ് പ്രസിഡന്റ്, വുമണ്‍സ് ഫ്രട്ടേണിറ്റി), മുംതാസ് ഹുസൈന്‍ (ബെഞ്ച്മാര്‍ക്ക് ട്രേഡിങ് എംഡി), ഷാനിബ് (ഓപ്പറേഷന്‍ മാനേജര്‍, സിറ്റി എക്‌സ്‌ചേഞ്ച്), ഷമീര്‍ (ജനറല്‍ മാനേജര്‍, അഗ്ബിസ്), നിശാസ് (ബെക്കോണ്‍) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി സഈദ് കൊമ്മാച്ചി നന്ദി പറഞ്ഞു.

വടം വലി മല്‍സരത്തില്‍ വിജയികളായ സാക് ഖത്തര്‍ ടീം അംഗങ്ങല്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സുമന്‍ സൊങ്കറില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു.

Related Articles

Back to top button