ഖത്തറിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത പബ്ലിക് ബസ് റൂട്ട് പ്രവര്‍ത്തനമാരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത പബ്ലിക് ബസ് റൂട്ട് പ്രവര്‍ത്തനമാരംഭിച്ചതായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. അല്‍ ഗാനിം ബസ് സ്റ്റേഷനും സിറ്റി സെന്ററിനുമിടയില്‍ സര്‍വീസ് നടത്തുന്ന എല്ലാ പൊതു ബസുകളും ഇലക്ട്രിക് ആയിരിക്കും.
പരിസ്ഥിതി സൗഹൃദവും ശാന്തവുമായ ബസുകളുടെ ആദ്യ ബാച്ചിന്റെ വരവിനെ തുടര്‍ന്ന് ഖത്തര്‍ കര്‍വയിലെ മുവാസലാത്തിന്റെ ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷന്റെ പൈലറ്റ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളിലാണ് സമ്പൂര്‍ണ വൈദ്യുത പബ്ലിക് ബസ് സര്‍വീസാരംഭിക്കുന്നത്.
ഹരിത ഭാവിയിലേക്കുള്ള ഖത്തറിന്റെ മുന്നേറ്റത്തിന്റെ ഭാഗമാണ് പൊതുഗതാഗത സംവിധാനത്തിന്റെ വൈദ്യുതീകരണം. സാമ്പത്തികവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥ കൈവരിക്കുന്നത് ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളുടെ സുസ്ഥിരത ഉറപ്പാക്കും. അതുപോലെ തന്നെ ദോഷകരമായ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും ശുദ്ധവും ആരോഗ്യകരവുമായ ബദല്‍ ഊര്‍ജം പ്രയോജനപ്പെടുത്തി ഗതാഗത വികസനം ഉറപ്പാക്കാനും ഈ സംവിധാനം സഹായകമാകും.